കൊച്ചി മെട്രോ കൂടുതല്‍ ദൂരത്തേക്ക്; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; സൗജന്യ പാര്‍ക്കിങ്

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷന്‍ മുതല്‍ തൈക്കൂടം വരെയുള്ള ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടന്നത്.

കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. 5.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മഹാരാജാസ്-തൈക്കൂടം റൂട്ടില്‍ അഞ്ച് സ്റ്റേഷനുകളാണുള്ളത്. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം. വൈറ്റില. തൈക്കൂടം എന്നിവയാണ് സ്റ്റേഷനുകള്‍.

പുതിയ റൂട്ട് നാടിനു സമര്‍പ്പിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ഹൈബി ഈഡന്‍ എം പി എന്നിവരടങ്ങിയ സംഘം മഹാരാജാസ് ജംങ്ഷനില്‍നിന്ന് കടവന്ത്ര വരെ മെട്രോയില്‍ സഞ്ചരിച്ചു.

പുതിയ റൂട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) പ്രഖ്യാപിച്ചിരിക്കുന്നത്.

ആലുവ മുതല്‍ തൈക്കൂടം വരെ രണ്ടാഴ്ച പകുതി നിരക്കില്‍ യാത്രചെയ്യാം. യാത്രാസര്‍വീസ് തുടങ്ങുന്ന സെപ്റ്റംബര്‍ നാല് മുതല്‍ 18 വരെയുള്ള കാലയളവിലേക്കാണ് ഈ ഇളവ്. എല്ലാ ടിക്കറ്റിലും 50 ശതമാനം ഇളവ് കിട്ടും.

സൗജന്യ പാര്‍ക്കിങ്ങാണ് മറ്റൊന്ന്. എല്ലാ മെട്രോ സ്റ്റേഷനുകളിലും യാത്രക്കാരുടെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാം. സെപ്റ്റംബര്‍ 25 വരെ ഈ ആനുകൂല്യമുണ്ടാകും.

മെട്രോയുടെ സ്മാര്‍ട്ട് ടിക്കറ്റായ ‘കൊച്ചി വണ്‍’ കാര്‍ഡ് കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും പദ്ധതികളുണ്ട്.

ഏഴ് മിനിറ്റിന്റെ ഇടവേളയിലാണ് ട്രെയിന്‍ സര്‍വീസ്. ആലുവയില്‍നിന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്ക് എത്താന്‍ 33 മിനിറ്റെടുക്കും. തൈക്കൂടത്തേക്ക് തുടക്കത്തില്‍ വേഗം കുറവായിരിക്കും. ഒരു മാസത്തോളം ഇത്തരത്തില്‍ കുറഞ്ഞ വേഗത്തിലായിരിക്കും സര്‍വീസ്.

pathram:
Leave a Comment