ന്യൂഡല്‍ഹി : പശ്ചിമഘട്ടസംരക്ഷണത്തിനായി മേഖലയിലെ ആറുസംസ്ഥാനങ്ങള്‍ക്കും ബാധകമായനിലയില്‍ ഏകവിജ്ഞാപനം (സിംഗിള്‍ നോട്ടിഫിക്കേഷന്‍) തയ്യാറാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. സംസ്ഥാനങ്ങളുടെ പരിസ്ഥിതിലോല മേഖലകള്‍ അനുസരിച്ച് വെവ്വേറെ വിജ്ഞാപനങ്ങള്‍ വേണമെന്ന ആവശ്യം അംഗീകരിക്കില്ല. പരിസ്ഥിതിലോലമേഖലകള്‍ വീണ്ടും വെട്ടിമുറിക്കാനും അനുവദിക്കില്ല. അന്തിമവിജ്ഞാപനം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും സെക്രട്ടറി സി.കെ. മിശ്രയും പറഞ്ഞു.
കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവയാണ് പശ്ചിമഘട്ടമേഖലയില്‍ ഉള്‍പ്പെടുന്ന ആറുസംസ്ഥാനങ്ങള്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അന്തിമവിജ്ഞാപനമിറക്കുമ്പോള് തങ്ങളുടെ താത്പര്യങ്ങള്‍ കണക്കിലെടുത്തു പരിസ്ഥിതിലോലമേഖല സംബന്ധിച്ച് ഇളവുകള്‍ നല്‍കണമെന്ന് ഇതില്‍ മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതിലോലമേഖലകളെ ജനവാസകേന്ദ്രങ്ങള്‍, കൃഷിസ്ഥലം എന്നിങ്ങനെ വീണ്ടും വിഭജിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടല്ല പരിസ്ഥിതിമന്ത്രാലയത്തിനുള്ളത്. സംസ്ഥാന താത്പര്യങ്ങള്‍ക്കനുസരിച്ച് വെവ്വേറെ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിയില്ലെന്നും പരിസ്ഥിതിലോലമേഖലകള്‍ വീണ്ടും വെട്ടിമുറിക്കാനാവില്ലെന്നുമുള്ള നിലപാടാണ് മന്ത്രാലയത്തിന്റേത്. ഏകവിജ്ഞാപനമായിരിക്കും പുറത്തിറക്കുകയെന്ന് വനം-പരിസ്ഥിതി സെക്രട്ടറി കെ.സി. മിശ്ര പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം തയ്യാറാക്കുന്നതിന് കര്‍ണാടകവും തമിഴ്നാടും ഇതുവരെ തങ്ങളുടെ പരിസ്ഥിതിലോലമേഖല സംബന്ധിച്ച നിലപാട് അറിയിച്ചിട്ടില്ല. പ്രതികരണം എത്രയും വേഗം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ജാവഡേക്കര്‍ അറിയിച്ചു. അതിനുശേഷം സംസ്ഥാന പരിസ്ഥിതിമന്ത്രിമാരുടെ യോഗംവിളിച്ച് തീരുമാനമെടുക്കും.
കസ്തൂരിരംഗന്‍ സമിതി നിര്‍ദേശിച്ച അളവില്‍ പകുതി പ്രദേശംമാത്രം പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിക്കാമെന്ന നിലപാടാണ് നാലുസംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 15-ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗത്തിലാണ് ഈ നിലപാട് അറിയിച്ചത്.
പശ്ചിമഘട്ടത്തില്‍ മൊത്തമുള്ള 1,29,037 ചതുരശ്രകിലോമീറ്ററില്‍ 75 ശതമാനം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നാണ് മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശിച്ചിരുന്നത്. ഈ നിര്‍ദേശത്തിനെതിരേ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴാണ് കസ്തൂരിരംഗന്‍ സമിതിയെ നിയോഗിച്ചത്. പശ്ചിമഘട്ടത്തിലെ മൊത്തം പരിസ്ഥിതിലോലപ്രദേശത്തിന്റെ 50 ശതമാനം അതായത് അറുപതിനായിരം ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു ഈ സമിതിയുടെ ശുപാര്‍ശ. എന്നാല്‍, ഇതിന്റെ പകുതിയായ 31,387 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോലപ്രദേശമായി നിലനിര്‍ത്താമെന്നാണ് ഇപ്പോള്‍ നാലു സംസ്ഥാനങ്ങളുടെ സമീപനം.
കേരളത്തില്‍ 13,108.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കസ്തൂരിരംഗന്‍ സമിതിയുടെ നിര്‍ദേശം. എന്നാല്‍, 123 ഗ്രാമങ്ങളിലായി 8656 ചതുരശ്ര കിലോമീറ്റര്‍ പ്രഖ്യാപിക്കാമെന്നാണ് യോഗത്തില്‍ കേരളം രേഖാമൂലം അറിയിച്ചത്.
ഗോവയില്‍ 99 ഗ്രാമങ്ങളിലായി 1461 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കസ്തൂരിരംഗന്‍ സമിതിയുടെ നിര്‍ദേശം. 707 ചതുരശ്ര കിലോമീറ്റര്‍ പ്രഖ്യാപിക്കാമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. കര്‍ണാടകം കരടുവിജ്ഞാപനത്തെ പൂര്‍ണമായി തള്ളിക്കളഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ യോഗത്തില്‍ പങ്കെടുത്തതുമില്ല.