കനത്ത മഴയും മണ്ണിടിച്ചിലും; മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി; രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കനത്ത മഴയെത്തുടര്‍ന്ന് നടി മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇവര്‍ ഹിമാചലില്‍ ഉണ്ട്.

സനല്‍കുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. ഇവരോടൊപ്പം ചില വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലാണ് സംഘം. വെറും രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈവശമുള്ളത്. ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലാണ്. സാറ്റലൈറ്റ് ഫോണ്‍ വഴി മഞ്ജു സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.

വിനോദസഞ്ചാരികളടക്കം ഇരുന്നൂറോളം പേര്‍ ഇവിടെ കുടുങ്ങിയതായി മഞ്ജു സഹോദരനോടു പറഞ്ഞു. രണ്ടുദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം സംസാരിച്ച മഞ്ജു പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തതായും മധു പറഞ്ഞു. മണാലിയില്‍ നിന്ന് 100 കിലോമീറ്ററകലെ ഛത്രയിലാണ് ഷൂട്ടിങ് നടക്കുന്നത്. ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്താണെന്ന് മഞ്ജു അറിയിച്ചതായും മധു പറഞ്ഞു.

മധുവാര്യര്‍ ഇക്കാര്യം കേന്ദ്ര മന്ത്രി വി മുരളീധരനെ ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഹിമാചല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപെട്ടു. സംഘത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

‘ചോല’ എന്ന ചിത്രത്തിന് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം.സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7