മോദി വീണ്ടും യുഎഇയിലേക്ക്…

ദുബായ്: രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയശേഷം ആദ്യമായി യു.എ.ഇ.യിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ അബുദാബിയില്‍ ഔദ്യോഗികതലത്തില്‍ ഒരുക്കങ്ങള്‍ സജീവമായി. യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കാന്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതുപരിപാടികളൊന്നുമില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടുതവണ യു.എ.ഇ.യിലെത്തിയ മോദി ഇവിടത്തെ രാഷ്ട്രനേതാക്കളുമായി സുദൃഢമായ സൗഹൃദമാണ് സ്ഥാപിച്ചത്. അതിന്റെ പ്രതിഫലനം തന്നെയായിരുന്നു യു.എ.ഇ.യുടെ ബഹുമതിയും. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കിടയിലായിരുന്നു യു.എ.ഇ. യുടെ അവാര്‍ഡ് പ്രഖ്യാപനം. ഇതും തിരഞ്ഞെടുപ്പില്‍ മോദിക്ക് വലിയ സഹായം ചെയ്തിരുന്നു.

ബഹ്റൈന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഈമാസം ഒടുവില്‍ മോദി മനാമയില്‍ എത്തുമെന്ന് നേരത്തെതന്നെ ശ്രുതികളുണ്ടായിരുന്നു. ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടയില്‍ അദ്ദേഹം യു.എ.ഇ. യിലേക്കും വരുമെന്നും സൂചനയുണ്ടായി. എന്നാല്‍ അത് എപ്പോള്‍ എന്നതുമാത്രമായിരുന്നു സംശയം. അടുത്ത രണ്ടാഴ്ചയ്ക്കകം വലിയ ചില വ്യക്തികളുടെ സന്ദര്‍ശനം യു.എ.ഇ. യിലുണ്ടാവുമെന്ന് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ ഇന്ത്യന്‍സ്ഥാനപതി നവദീപ് സിങ് സൂരി പ്രസംഗത്തിനിടയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആരെന്നോ എപ്പോഴെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഞായറാഴ്ച വൈകീട്ടാണ് ഡല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം പ്രഖ്യാപിച്ചത്. അപ്പോഴും വരുന്നദിവസമല്ലാതെ സമയം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വെള്ളിയാഴ്ച വൈകീട്ട് അബുദാബിയിലെത്തി പരിപാടികളില്‍ സംബന്ധിച്ചശേഷം അധികം വൈകാതെ അദ്ദേഹം ബഹ്റൈനിലേക്ക് പോകുമെന്നാണ് സൂചനകള്‍. സന്ദര്‍ശനത്തിന്റെ സമയത്തില്‍ ഇപ്പോഴും കൃത്യമായ സ്ഥിരീകരണമായിട്ടില്ല. ബഹ്റൈനില്‍ നേരത്തെ തന്നെ മോദിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. പരിപാടിയുടെ വേദിയോ സമയമോ ഇപ്പോഴും അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല. പതിനായിരത്തിലേറെ പേര്‍ ഇതിനകംതന്നെ അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവീകരണപ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യും. രണ്ടിടത്തും വലിയ ജനക്കൂട്ടത്തെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7