പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരില്‍നിന്ന് സി.പി.എം. നേതാവ് പണം പിരിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരില്‍നിന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നിര്‍ബന്ധിത പണപ്പിരിവ്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. ഇയാള്‍ പിരിവ് നടത്തുന്നതിന്റെയും അതിനെ ന്യായീകരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ക്യാമ്പിലെ അന്തേവാസികള്‍ മൊബൈലില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് കൈമാറി.

സിവില്‍ സപ്ലൈസ് ഗോഡൗണില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ച വാഹനത്തിന്റെ വാടകയെന്ന പേരിലാണ് സി.പി.എം. പ്രാദേശിക നേതാവ് പിരിവ് നടത്തിയത്. സ്വകാര്യ വ്യക്തിയില്‍നിന്ന് വൈദ്യുതി കണക്ഷന്‍ എടുത്തതിനും പണം പിരിച്ചിരുന്നു. മുന്‍കാലങ്ങളിലും ഇത് പതിവായിരുന്നെന്നും, ഇത് രഹസ്യ സ്വഭാവമുള്ള പിരിവല്ലെന്നും ഓമനക്കുട്ടന്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഏതെങ്കിലും തരത്തിലുള്ള പണപ്പിരിവ് തെറ്റാണെന്നും എല്ലാ ചിലവുകള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്നും തഹസില്‍ദാര്‍ പ്രതികരിച്ചു. പണപ്പിരിവ് നടക്കുന്നത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട ജില്ലാകളക്ടറും സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഓമനക്കുട്ടനെതിരെ അന്വേഷണം നടത്താന്‍ പാര്‍ട്ടിയും തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7