തിരുവനന്തപുരം: പ്രളയ ബാധിതരെ സഹായിക്കുന്നതില്‍ മാതൃക കാട്ടിയ നൗഷാദിനെയും ആദര്‍ശ് എന്ന വിദ്യാര്‍ഥിയേയും അഭിനന്ദിച്ച് മുഖ്യമന്ത്രി.
പ്രളയ ബാധിതര്‍ക്കുവേണ്ടി സ്വന്തം ഗോഡൗണിലുള്ള തുണികളെല്ലാം വാരിനല്‍കിയ നൗഷാദിനെയും എല്ലാ സ്‌കൂളുകളില്‍നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാനുള്ള പ്രൊജക്ട് സമര്‍പ്പിച്ച ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിനെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കിലൂടെ അഭിനന്ദിച്ചത്. എറണാകുളം ബ്രോഡ്വേയില്‍ വഴിയോര കച്ചവടം നടത്തുകയാണ് മാലിപ്പുറം സ്വദേശി പി.എം. നൗഷാദ്.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നാട് ദുരിതത്തില്‍ പെടുമ്പോള്‍, സഹായം നല്‍കേണ്ടതില്ല എന്ന പ്രചാരണവുമായി ചിലര്‍ രംഗത്തിറങ്ങിയത് നാം കണ്ടത് കഴിഞ്ഞ വര്‍ഷം മഹാ പ്രളയ കാലത്താണ്. കേരളത്തിന് പണം ആവശ്യമില്ല എന്നായിരുന്നു ചില കേന്ദ്രങ്ങളുടെ അന്നത്തെ പ്രചാരണം. ജനങ്ങള്‍ പക്ഷെ അത് തള്ളിക്കളഞ്ഞു. ഇത്തവണ കാലവര്‍ഷക്കെടുതി രൂക്ഷമാകുമ്പോഴും ‘സഹായം കൊടുക്കരുത്’ എന്ന് പറയുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. വ്യാജപ്രചാരണവും നടക്കുന്നു. എന്നാല്‍ കേരളത്തിന്റെ മനസ്സ് അത്തരക്കാരോടൊപ്പമല്ല. അത് തെളിയിക്കുന്ന രണ്ടനുഭവങ്ങള്‍ ഇവിടെ പങ്കു വെക്കുകയാണ്.
ഒന്നാമത്തേത് എറണാകുളം ബ്രോഡ്വേയിലെ വസ്ത്രവ്യാപാരി നൗഷാദിന്റേതാണ്. ബലിപെരുന്നാളിന്റെ തലേന്ന്, തന്റെ പെരുന്നാള്‍ ഇതാണെന്നു പറഞ്ഞുകൊണ്ടാണ് നൗഷാദ് തന്റെ കടയിലേക്ക് വളണ്ടിയര്‍മാരെ വിളിച്ചു കയറ്റി പുതുവസ്ത്രങ്ങളുടെ ശേഖരംതന്നെ ഏല്‍പ്പിച്ചത്. നാട്ടുകാരെ സഹായിക്കുന്നതാണ് തന്റെ ലാഭം എന്നാണു സാധാരണക്കാരനായ ആ വ്യാപാരി ഒരു സംശയുവുമില്ലാതെ പറഞ്ഞത്. വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയ പ്രവര്‍ത്തകരെ ‘ഒന്നെന്റെ കടയിലേക്ക് വരാമോ’ എന്ന് ചോദിച്ചു വിളിച്ചു കൊണ്ടുപോയാണ് നൗഷാദ്, വില്‍പ്പനയ്ക്കായി വച്ചിരുന്ന വസ്ത്ര ശേഖരം കൈമാറിയത്. പുതു വസ്ത്രങ്ങള്‍ ചാക്കിനുളളില്‍ കെട്ടിയാണ് നടന്‍ രാജേഷ് ശര്‍മയുള്‍പ്പെടെയുള്ളവര്‍ അവിടെ നിന്നിറങ്ങിയത്. നൗഷാദിനെ പോലുള്ളവരുടെ മനസ്സിന്റെ നന്മയും കരുണയും മനുഷ്യ സ്നേഹവും നമ്മുടെ നാടിന്റെ അഭിമാനകരമായ സവിശേഷത തന്നെയാണ്.
തിരുവനന്തപുരം ജില്ലയിലെ വ്ലാത്താങ്കര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് ആര്‍ എ ആണ് ഈ നന്മയുടെ മറ്റൊരുദാഹരണം. ആദര്‍ശ് കഴിഞ്ഞ ദിവസം ഓഫിസില്‍ വന്നു എന്നെ കണ്ടിരുന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാനുള്ള ഒരു പ്രോജക്ടുമായാണ് ആ കൊച്ചു മിടുക്കന്‍ വന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ആദര്‍ശ് മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് സ്വന്തമായി സംഭാവന നല്‍കുന്നുണ്ട്. തനിക്കു കിട്ടുന്ന പോക്കറ്റ് മണി ശേഖരിച്ചുകൊണ്ടാണ് ഇങ്ങനെ സംഭാവന നല്‍കുന്നത്. ആദ്യ സംഭാവന പുറ്റിങ്ങല്‍ ദുരന്തം നടന്നപ്പോഴായിരുന്നു.
നൗഷാദും ആദര്‍ശും നമ്മുടെ നാടിന്റെ മാതൃകകളാണ്. ഈ സന്നദ്ധതയാണ് നാടിനെ വീണ്ടെടുക്കാന്‍ നമുക്കു വേണ്ടത്. എല്ലാ ദുഷ്പ്രചാരണങ്ങള്‍ക്കും ഇടങ്കോലിടലുകള്‍ക്കും മറുപടിയായി മാറുന്നുണ്ട് ഈ രണ്ടനുഭവങ്ങള്‍. ഇത് ഒറ്റപ്പെട്ടതല്ല. ഇതു പോലെ അനേകം സുമനസ്സുകള്‍ ഈ നാടിന് കാവലായുണ്ട്.