ഇന്ന് വൈകുന്നേരത്തോടെ മഴ കുറയും; തിങ്കളാഴ്ച വീണ്ടും ന്യൂനമർദ്ദം

കേരളത്തിൽ ഇപ്പോഴുള്ള മഴയുടെ ശക്തി ശനിയാഴ്ച വൈകുന്നേരത്തോടെ കുറയാൻ സാധ്യതയെന്ന് റഡാർ, സാറ്റലൈറ്റ് വിവരങ്ങൾ പറയുന്നു. എന്നാൽ ഒറ്റപെട്ട ശക്തമായ മഴ തുടരും. അതേസമയം ഓഗസ്റ്റ് 12ന്, തിങ്കളാഴ്ച വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ട് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റുകൾ നൽകുന്ന വിവരങ്ങൾ പ്രവചിക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിലും 12 മുതൽ 14 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കു സാധ്യത.

കേരളത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന പേമാരിക്ക് ഇന്നു വൈകീട്ടോടെ ശമനമുണ്ടാകുമെന്ന് തന്നെയാണ് മിക്ക കാലാവസ്ഥാ നിരീക്ഷണങ്ങളും പറയുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റുകളുടെ ചിത്രങ്ങളില്‍ നിന്നാണ് ഈ സൂചനകള്‍ ലഭിക്കുന്നത്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച രാവിലത്തെ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ കേരളത്തിന് ചെറിയ ആശ്വാസം നല്‍കുന്നതാണ്.

കഴിഞ്ഞ രണ്ടു ദിവസമായി കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യയുടെ ആകാശം മൂടിക്കെട്ടി നില്‍ക്കുകയാണെങ്കില്‍ ഇന്ന് മേഘങ്ങള്‍ അൽപം നീങ്ങുന്ന കാഴ്ചകളാണ് സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ കാണുന്നത്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.

പൊതുജനങ്ങള്‍ക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ സാറ്റ്ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്‌സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്‌സൈറ്റുകളിലും സോഷ്യല്‍മീഡിയകളിലും പങ്കുവെക്കുന്നത്.

പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് നല്‍കുന്നത്. ജപ്പാനില്‍ നിന്നുള്ള ഹിമവാരിയുടെ ഗ്രാഫിക്‌സുകളും ഇന്ത്യ ഉപയോഗപ്പെടുത്തുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular