തൃശൂര്‍: കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനിടെ ബൂട്ടുകൊണ്ടുള്ള ചിവിട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷ (35) തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സര്‍ജറിവിഭാഗത്തില്‍ ചികിത്സയിലാണ്. നിഷയുടെ അടിവയറ്റിനാണ് ചിവിട്ടേറ്റിരിക്കുന്നത്. രാത്രിമുതല്‍ മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇരിക്കാനോ എഴുന്നേല്‍ക്കാനോ കഴിയുന്നില്ല. അടിവയറ്റില്‍ ചതവും നീരുമുണ്ട്. ആരോഗ്യസ്ഥിതിയില്‍ മാറ്റം വരുന്നില്ലെങ്കില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പോലീസിന്റെ അടിയേറ്റ മറ്റ് രണ്ടുപേര്‍കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പീച്ചി ചൊവ്വല്ലൂര്‍ വീട്ടില്‍ നീതു (26), ആശാരിക്കാട് സ്വദേശി എം.ജെ. ജിനീഷ് (34) എന്നിവരാണ് ചികിത്സതേടിയിരിക്കുന്നത്. നീതുവിന് വയറ്റിലും ജിനീഷിന് കഴുത്തിലും ലാത്തികൊണ്ട് അടിയേറ്റിട്ടിട്ടുണ്ട്.
വനിതാ പോലീസുകാരുണ്ടായിട്ടും പുരുഷ പോലീസുകാരാണ് അറസ്റ്റുചെയ്യാനായി വന്നതെന്ന് നീതു പറയുന്നു. ‘കളക്ടറുടെ ചേംബറിനു മുന്നില്‍ സമാധാനത്തോടെ മുദ്രാവാക്യം വിളിച്ചിരുന്ന ഞങ്ങളോട് രാത്രി 10.30 ഓടെയാണ് അറസ്റ്റുചെയ്തു മാറ്റുമെന്ന് പോലീസ് അറിയിച്ചത്. അല്പം കഴിഞ്ഞ് ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ പോലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നെയാണ് ഞങ്ങള്‍ക്കുനേരെ തിരിഞ്ഞത്. വനിതാ പോലീസുകാരെ മാറ്റിനിര്‍ത്തി പുരുഷപ്പോലീസുകാരാണ് ഞങ്ങളെ വലിച്ചിഴച്ചത്.
പുരുഷ പൊലീസുകാര്‍ വലിച്ചിഴച്ച് മുറിക്ക് പുറത്തേക്കിടുന്ന സമരക്കാരെ വാഹനത്തിലേക്ക് കൊണ്ടുപോകാന്‍ മാത്രമായിരുന്നു വനിതാ പോലീസെന്ന് നീതു പറഞ്ഞു.
അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ വി.കെ. രാജു ഇടത്തെ ചെവിയില്‍ കൈനിവര്‍ത്തി അടിക്കുകയായിരുന്നെന്ന് എം.ജെ. ജിനീഷ് പറഞ്ഞു. ജിനീഷിന്റെ ദേഹമാസകലം ലാത്തികൊണ്ട് അടിയേറ്റ പാടുകളാണ്. നിഷയ്‌ക്കൊപ്പം ആരുമില്ലാത്തതിനാല്‍ കിടത്തിച്ചികിത്സയ്ക്ക് സമ്മതിക്കാതെ നീതുവും ജിനീഷും സര്‍ജറിവാര്‍ഡിനു മുന്നിലിരിക്കുകയാണ്.