ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജസ്റ്റിസ് ബി കെമാല്‍പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

കേസില്‍ തുടര്‍ അന്വേഷണം ആവശ്യമെങ്കില്‍ ഷുഹൈബിന്റെ ബന്ധുക്കള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇന്ന് രാവിലെ 10.30-നാണ് മട്ടന്നൂര്‍ എടയന്നൂര്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ വധക്കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്.

കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഷുഹൈബ് വധത്തെ ഉള്‍പ്പെടുത്താനാകില്ലെന്നും യുഎപിഎ വകുപ്പ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഗൂഢാലോചനയില്‍ അടക്കം പൊലീസ് അന്വേഷണം നടന്നിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഉന്നത ഗൂഢാലോചന പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

Similar Articles

Comments

Advertismentspot_img

Most Popular