ക്യാംപസ് സമാധാനപരമായി പഠനം നടക്കേണ്ട ഇടമല്ലേ? അവിടെ പൊലീസിനെന്താ കാര്യം? യൂണിവേഴ്‌സിറ്റി കോളെജില്‍ നിന്ന് പോലീസുകാരെ പുറത്താക്കി

യൂണിവേഴ്‌സിറ്റി കോളേജില്‍ തുടരേണ്ടെന്ന് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. പൊലീസുകാര്‍ കോളേജിലുള്ളതിനെ എതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ചതും ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് ഇനി കോളേജിനുള്ളില്‍ കയറേണ്ടെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

അഞ്ച് പൊലീസുകാരാണ് കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമത്തിന്റെയും തുടര്‍വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കോളേജ് പ്രിന്‍സിപ്പാള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. അക്രമത്തെ തുടര്‍ന്ന് ഒരാഴ്ച അടച്ചിട്ട ക്യാമ്പസ് തിങ്കളാഴ്ച തുറന്നതിന് ശേഷവും പൊലീസ് കാവലും പിക്കറ്റിംഗും തുടരുകയും ചെയ്തു. ഇതോടെയാണ് ക്യാംപസില്‍ നിന്ന് പൊലീസ് പുറത്തുപോകണമെന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു.

”അത്തരം ആവശ്യത്തിലെന്താ തെറ്റ്? ക്യാംപസ് സമാധാനപരമായി പഠനം നടക്കേണ്ട ഇടമല്ലേ? അവിടെ പൊലീസിനെന്താ കാര്യം?” എന്നായിരുന്നു വിദ്യാര്‍ത്ഥികളെ പിന്തുണച്ച മന്ത്രി കടംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. അതിനിടെ, പൊലീസ് മോശമായി പെരുമാറിയെന്നാരോപിച്ച് ചില വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് ക്യാംപസിന് പുറത്തേക്കിറങ്ങാന്‍ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. പ്രിന്‍സിപ്പാളോ ഉന്നത വിദ്യാഭ്യാസ വകുപ്പോ ആവശ്യപ്പെട്ടാല്‍ മാത്രം ക്യാംപസിനുള്ളില്‍ കയറിയാല്‍ മതിയെന്നും പൊലീസുകാരോട് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7