തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്‌സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്ന് പൊലീസ് അന്വേഷിക്കും. സ്‌പെഷ്യല്‍ ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. യൂണിവേഴ്‌സിറ്റി കോളേജില്‍ത്തന്നെയുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഇരുവരും പരീക്ഷയെഴുതിയതെന്നാണ് സൂചന. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയില്‍ വരിക.
പരീക്ഷയില്‍ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്‌ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും. ഇരുവരും പിഎസ്‌സി റാങ്ക് പട്ടികയില്‍ വന്നതില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം. സംഭവത്തില്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പി.എസ്.സിയുടെ വിശ്വാസ്യത് ചോദ്യം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ ഈ സംഭവം വ്യാപകമായി പ്രചരിക്കുകയാണ്.
പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ….
PSCയുടെ സുതാര്യത
ഒരാഴ്ച മുൻപാണ് PSC POLICE CONSTABLE EXAM-ന്റെ ഫലം പ്രഖ്യാപിച്ചത്. അതിൽ കാസർകോട് ബറ്റാലിയനിൽ ഒന്നാം റാങ്ക് ശിവരഞ്ജിത്ത്, രണ്ടാം റാങ്ക് പ്രണവ്, 28-ാം റാങ്ക് നസീം എന്നിവർക്ക് ലഭിച്ചു. ഇന്നലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും.
എഴുത്ത് പരീക്ഷയിൽ മാത്രം ശിവരഞ്ജിത്ത് നേടിയത് 78.33 മാർക്കാണ്. പ്രണവ് ആകട്ടെ 78 മാർക്കും. ഇയാൾ അവിടത്തെ യൂണിറ്റ് ഭാരവാഹിയാണ്.കേരളത്തിലെ എല്ലാ ബറ്റാലിയൻ കൂടെ നോക്കിയാലും ഇവർ രണ്ട് പേരുമാണ് മുന്നിട്ട് നിൽക്കുന്നത്. അടുത്തെങ്ങും ആരുമില്ല. ലക്ഷങ്ങൾ പരീക്ഷ എഴുതിയതാണെന്നു ഓർക്കണം
നസീം പോലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. പാളയത്ത് സിഗ്നൽ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാൾ പോലീസുകാരെ പൊതുനിരത്തിൽ വളഞ്ഞിട്ട് തല്ലിയത്.
അക്രമംനടന്നതിന് തൊട്ടുപിന്നാലെ കൺട്രോൾറൂമിൽനിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാൻ പോലീസ് തയ്യാറായത്. കേസിൽനിന്ന് ഒഴിവാക്കാനും വൻ സമ്മർദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ നസീം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ. ഓഫീസിലും ഇയാൾ എത്താറുണ്ട്. മന്ത്രി എ.കെ. ബാലൻ പങ്കെടുത്ത പൊതുചടങ്ങിലും പങ്കെടുത്തിരുന്നു. മാധ്യമങ്ങളിൽ വാർത്തവന്നതോടെയാണ് അറസ്റ്റുചെയ്യാൻ പോലീസ് തയ്യാറായത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് നസീം വീണ്ടും യൂണിവേഴ്സിറ്റി കോളേജിൽ സജീവമായത്.
അക്രമ രാഷ്‌ട്രീയവും കത്തികുത്തുമായി നടക്കുന്ന ഇവർക്ക് ഉന്നതവിജയം നേടിയത് സംശയത്തിനിട നൽകുന്നു. ഈ പരീക്ഷ എഴുതിയവർക്ക് അറിയാം എത്രത്തോളം കഠിനമായിരുന്നുവെന്ന്. എന്നിട്ടും മുൻപ് ഒരു PSC പരീക്ഷയിലും മികവ് കാട്ടാത്ത ഇവർക്ക് എങ്ങനെ 78 മാർക്ക് വാങ്ങിക്കാൻ കഴിഞ്ഞു. കാസർകോട് ബറ്റാലിയനിൽ എഴുത്ത് പരീക്ഷയിൽ മൂന്നാമത്തെ ഉയർന്ന മാർക്ക് നേടിയ ആൾക്ക് കിട്ടിയത് 71 മാത്രം. ലക്ഷങ്ങൾ എഴുതിയ ഒരു പരീക്ഷക്ക് ഒരിക്കലും ഇങ്ങനെ വ്യത്യാസം വരുക അസാധ്യം. പരമാവധി 2 മാർക്കാണ് വ്യത്യാസം വരുക. Pscയുടെ ഏത് റാങ്ക്ലിസ്റ്റ് പരിശോധിച്ചാലും നിങ്ങൾക്ക് അതു മനസിലാവും
ഇവർ മൂന്നു പേരും പരീക്ഷ എഴുതിയത് യൂണിവേഴ്സിറ്റി കോളേജിൽ തന്നെയാണെന്ന് ആരോപണം ഉണ്ട് (ആ വസ്തുത പരിശോധിച്ച് നിജസ്ഥിതി പുറത്തുവരണം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ പി.എസ്.സി യിൽ ജോലി ചെയ്യുന്നവരുടെ ഒത്താശയോടു കൂടിയാണെന്ന് സംശയത്തിനിട നൽകുന്നു)
ഇത്ര കഷ്ടപ്പെട്ട് റാങ്ക് വാങ്ങിയ ഒരാൾക്ക് എങ്ങനെയാണ് ജോലി നഷ്ടപ്പെടും എന്നുറപ്പുളള ഒരു പ്രവൃത്തി ചെയ്യാൻ കഴിയുക??
ഇവർ പഠിച്ചു വാങ്ങിയ മാർക്കല്ല ഇതെന്ന് കേരളത്തിലെ PSC ഉദ്യോഗാർത്ഥികൾക്കുറപ്പുണ്ട്..
ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളോളം പഠിച്ചാണ് ഒരു റാങ്ക്ലിസ്റ്റിൽ എങ്കിലും ഇടം നേടുക. അവിടെയാണിവർ പാർട്ടി സ്വാധീനം ഉപയോഗിച്ച് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നത്. ഇതുപോലെ എത്രപേർ ജോലിയിൽ കയറിയിട്ടുണ്ടാവും.
PSC 100% സുതാര്യമാവണം അല്ലെങ്കിൽ അത് വിദ്യാഭ്യാസമുള്ള ഒരു ജനതയോട് ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത തെറ്റാണ്. പൊതുസമൂഹത്തിൽ ഇത് ചർച്ച ചെയ്യണം. സമഗ്രമായ അന്വേഷണം വേണം. നീതി നടപ്പാക്കണം….
COURTESY WHATSAAP..
Leave a Comment