പെണ്‍കുട്ടികളോട് എസ്എഫ്‌ഐ നേതാക്കള്‍ നടത്തിയത് അസഭ്യം നിറഞ്ഞ വാക്കുകള്‍; എല്ലാറ്റിനും പ്രിന്‍സിപ്പലിന്റെ പിന്തുണ; ആത്മഹത്യയ്ക്ക് ശ്രമിച്ച നിഖിലയുടെ വെളിപ്പെടുത്തല്‍

യൂണിവേഴ്‌സിറ്റി കോളെജില്‍ എസ്എഫ്‌ഐയുടെ സമ്പൂര്‍ണ ഗൂണ്ടായിസമാണെന്ന് മാസങ്ങള്‍ക്കുമുന്‍പ് എസ്എഫ്‌ഐയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നിഖില. പ്രിന്‍സിപ്പല്‍ ശക്തമായ നിലപാടെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥികളെ കാന്റീനില്‍ കയറ്റില്ല. വാലന്റൈന്‍സ് ഡേയില്‍ യൂണിയന്‍ ഭാരവാഹികള്‍ താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്കുനേരെ ബലപ്രയോഗത്തിനു മുതിര്‍ന്നുവെന്നും നിഖില പറഞ്ഞു.

വാലന്റൈന്‍സ് ഡേ പ്രമാണിച്ച് കോളജില്‍ യൂണിയന്‍ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും അതിനിടെ വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയ തന്നെയും സുഹൃത്തുക്കളെയും തടയുകയായിരുന്നുവെന്നും നിഖില പറയുന്നു. അതേസമയം കോളജിന്റെ തൊട്ടടുത്തുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ കടത്തിവിടുന്നതുകണ്ടപ്പോള്‍ താന്‍ ചോദ്യം ചെയ്തു. അപ്പോള്‍ അസഭ്യമായ ഭാഷയില്‍ ഭാരവാഹികളില്‍ ചിലര്‍ പ്രതികരിച്ചു. വീട്ടിലേക്ക് തന്നെയാണോ പോകുന്നതെന്ന് ആര്‍ക്കറിയാമെന്നു വരെ പറഞ്ഞു.

അടുത്ത ദിവസം ഇക്കാര്യങ്ങള്‍ എച്ച്ഒഡിയെ അറിയിച്ചു. പ്രിന്‍സിപ്പലിന്റെ അടുത്തും വിശദീകരിച്ചു. എല്ലാം കേട്ട ശേഷം പ്രിന്‍സിപ്പല്‍ നോക്കാം എന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും നിഖില പറയുന്നു. കോളജുകളില്‍ ഇത്തരത്തില്‍ യൂണിയനുകളും രാഷ്ട്രീയവും വേണ്ടെന്നാണ് നിഖില പറയുന്നത്. ഒട്ടും സഹിക്കാന്‍ വയ്യാതായപ്പോഴാണ് ടിസി വാങ്ങി വര്‍ക്കല കോളജിലേക്ക് മാറിയതെന്നും നിഖില വെളിപ്പെടുത്തി.

pathram:
Leave a Comment