കണ്ണൂര്‍: സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ തന്റെയും കുടുംബത്തിന്റെയും പേരില്‍ വ്യാപകമായി അപവാദ പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാര്‍ത്ത സിപിഎം പാര്‍ട്ടി മുഖപത്രമായ ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ചിരുന്നു. വലിയ മാനസിക സമ്മര്‍ദ്ദത്തിലാണ് താനെന്നും, ഇത് തുടര്‍ന്നാല്‍ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നും ബീന പറഞ്ഞു. സാജന്റെ രണ്ട് മക്കളെയും കൂട്ടിയായിരുന്നു ബീന മാധ്യമങ്ങളെ കണ്ടത്.
സാജന്റെ ഫോണില്‍ നിന്നുള്ള കോളുകള്‍ ചെയ്തത് താനാണെന്ന് മകന്‍ പറഞ്ഞു. കൂട്ടുകാരോടൊപ്പം കോണ്‍ഫറന്‍സ് ഗെയിം കളിക്കാറുണ്ട്. അതിനായി വിളിക്കാറുണ്ട്. ആ കോളുകളെയാണ് മറ്റ് പേരുകളില്‍ പ്രചരിപ്പിക്കുന്നതെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം വഴി തിരിച്ചു വിടുകയെന്നതാണ് ഇത്തരം വാര്‍ത്തകളുടെ ലക്ഷ്യം. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി മകള്‍ മൊഴി നല്‍കിയെന്ന് വരെ വ്യാജ വാര്‍ത്ത വന്നുവെന്നും ബീന പറഞ്ഞു. ഇത്തരമൊരു മൊഴിയും താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് മകളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
”എനിക്കിനി ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ല. എത്ര കാലമാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഞാന്‍ ജീവിക്കുക? എന്നെ ഈ ഗതിയിലാക്കിയവരാണ് ഇതിനെല്ലാം പിന്നില്‍. അന്വേഷണം മുന്നോട്ടു പോകുന്നതിനിടെ, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്താണ്? കൃത്യമായി എന്താണുണ്ടായത് എന്ന് മാത്രമാണ് മോള് മൊഴി നല്‍കിയത്. എന്നാലിപ്പോള്‍ അവള്‍ പറയാത്ത എന്തൊക്കെയോ ആണ് ചില മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. മോള് അത് കണ്ടു, ഇത് കണ്ടു … എന്ന തരത്തിലൊക്കെ.. പറയാത്ത എന്തൊക്കെയോ ഇവരെങ്ങനെയാ പറയുന്നത് അമ്മേ എന്ന് അവളെന്നോട് ചോദിക്കുന്നു. ഞാനെന്ത് മറുപടി പറയും?”, ബീന ചോദിക്കുന്നു.
സാജന്റെ ഫോണിലേക്ക് വന്ന ഫോണ്‍കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും, സാജന്റെ പേരിലേക്ക് 2400 തവണ മന്‍സൂര്‍ എന്നയാള്‍ വിളിച്ചെന്നും, വിളിച്ചയാള്‍ എല്ലാം സമ്മതിച്ചെന്നുമായിരുന്നു ദേശാഭിമാനിയുടെ വാര്‍ത്ത. സാജന്റെ ആത്മഹത്യക്ക് തൊട്ടുമുമ്പും ഈ സിമ്മില്‍ നിന്ന് വിളിച്ചെന്നും വാര്‍ത്തയില്‍ പറയുന്നു.
ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്തയായി വരുന്നതില്‍ ദുഃഖമുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നു. അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. മരിക്കുന്നതിന് തലേദിവസംവരെ തന്നോട് ഒരുകാര്യം മാത്രമാണ് പറഞ്ഞത്. കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് കിട്ടാന്‍ പോകുന്നില്ലെന്ന് തന്നോട് പറഞ്ഞു. പണം മുഴുവന്‍ അതില്‍ നിക്ഷേപിച്ചു. ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നാണ് തന്നോട് പറഞ്ഞത്. മറ്റെന്തെങ്കിലും നിസാര കാര്യത്തിന് അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ടുപോകും.
വീട്ടില്‍ ഒരു വഴക്കുമില്ല. കുട്ടികള്‍ അങ്ങനെയൊന്നും മൊഴി നല്‍കിയിട്ടില്ല. എല്ലാവരും അതേക്കുറിച്ചെല്ലാം വിളിച്ചു ചോദിക്കുന്നു. തന്റെ ഭര്‍ത്താവ് ആത്മഹത്യയെന്ന വഴി തിരഞ്ഞെടുത്തു. രണ്ടു കുട്ടികളുമായി താന്‍ എന്തുചെയ്യുമെന്നും ? വലിയ ദുഃഖത്തില്‍ കഴിയുമ്പോള്‍ ഇത്തരത്തില്‍ മാനസികമായി തകര്‍ക്കുന്നതില്‍ വേദനയുണ്ടെന്നും അവര്‍ പറഞ്ഞു.
‘രാഷ്ട്രദീപിക’ പത്രവും സമാനമായ രീതിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. സാജന്റെ സിമ്മിലേക്ക് തുടര്‍ച്ചയായി വിളിച്ചയാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പത്രത്തിലെ വാര്‍ത്തയില്‍ പറയുന്നു.