ടീം ഇന്ത്യ ലോകകപ്പ് സെമിഫൈനലില്‍ പുറത്തായതോടെ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച മുഴുവന്‍ എം എസ് ധോണിയെ കുറിച്ചായിരുന്നു. ധോണി ഉടന്‍ വിരമിക്കുമെന്നും ഇല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതികരിച്ചത്.
ഇതിന് പിന്നാലെയാണ് ധോണി ക്രിക്കറ്റില്‍നിന്ന് വിരമിക്കരുതെന്ന് ബിസിസിഐ ഭരണസമിതി അംഗം ഡയാന എഡുല്‍ജി ആവശ്യപ്പെട്ടത്. ‘ധോണിക്ക് ഇനിയും ഏറെനാള്‍ കളിക്കാനാവും. യുവതാരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ടീമില്‍ തുടരണം. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ധോണി ആണെന്നും’ ഡയാന എഡുല്‍ജി പറഞ്ഞു.
അതിനിടെ സെമിഫൈനലില്‍ ധോണിയെ വൈകി ഇറക്കിയതില്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ചതിന് പിന്നാലെ സുനില്‍ ഗാവസ്‌കറും രംഗത്തെത്തി.
‘കരുതലോടെ കളിക്കാന്‍ ധോണിയെ നേരത്തേ ഇറക്കണമായിരുന്നു. നാലാം നമ്പറില്‍ കളിച്ച് പരിചയമുള്ള അംബാട്ടി റായ്ഡുവിനെ തഴയാന്‍ പാടില്ലായിരുന്നു. റിസര്‍വ് പട്ടികയില്‍ ഇല്ലാതിരുന്ന, ഒറ്റ ഏകദിനം പോലും കളിക്കാത്ത മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെയും സെലക്ടര്‍മാരുടെ പിടിപ്പുകേടിന് തെളിവാണെന്നും’ ഗാവസ്‌കര്‍ കുറ്റപ്പെടുത്തി.