മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് വിധി പറയും. കഴിഞ്ഞദിവസം പരിഗണിച്ച ജാമ്യഹര്‍ജി വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
അതിനിടെ പരാതി നല്കിയ യുവതി ബിനോയ് കോടിയേരിയുമായുണ്ടായിരുന്ന ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ മുംബൈ പോലീസിനു കൈമാറി. പാസ്പോര്‍ട്ട്, കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ ഇതില്‍പ്പെടും.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നല്കിയ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു പേരുള്ളത്. 2010 ജൂലായ് 22-നാണു യുവതി ആണ്‍കുട്ടിക്കു ജന്മം നല്‍കുന്നത്. ആ സമയത്ത് അന്ധേരി വെസ്റ്റിലെ സ്വാതി അപ്പാര്‍ട്ട്‌മെന്റിലെ ഫ്ളാറ്റ് നമ്പര്‍ 401-ലാണ് താമസിച്ചിരുന്നത്. ബിനോയിയുടെ സ്ഥിരം വിലാസവും ഇതുതന്നെയാണ് നല്‍കിയിട്ടുള്ളത്. 2010 നവംബര്‍ ഏഴിനാണു ജനനസര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.
യുവതിയുടെ പാസ്പോര്‍ട്ടിലും ഐ.സി.ഐ.സി. ബാങ്കിലെ അക്കൗണ്ട് രേഖകളിലും ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. മുംബൈയിലെ മലാഡില്‍നിന്നാണ് പാസ്പോര്‍ട്ട് എടുത്തിരിക്കുന്നത്. 2014-ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ സ്ഥാനത്തു ബിനോയിയുടെ പേരുള്ളത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരു ചേര്‍ക്കാനാവുകയുള്ളൂ.
യുവതിയുടെ ബന്ധുക്കളും ബിനോയിയും മാത്രമായി വിവാഹം ഹിന്ദു ആചാരപ്രകാരം സ്വകാര്യമായി നടന്നെന്നാണ് യുവതി പോലീസില്‍ നല്‍കിയ മൊഴി. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഇവര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അതിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നുതന്നെയാണ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.