തിരുവനന്തപുരം :സംസ്ഥാനത്തെ വിദ്യാലയങ്ങൾ വൈദ്യുതി സ്വയംപര്യാപ‌്തതയിലേക്ക‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ‌്ഞത്തിൽ ഹൈടെക‌് ആയ സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളുടെ ടെറസുകൾ സോളാർ പാനലുകൾ സ്ഥാപിക്കാൻ അനുയോജ്യമാണെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. സ‌്കൂളുകളിലെ ആവശ്യത്തിന‌് ശേഷം അധികമുള്ള വൈദ്യുതി കെഎസ‌്ഇബിയുടെ ഗ്രിഡിലേക്ക‌് നൽകുന്നതുവഴി പൊതുവിദ്യാലയങ്ങൾക്ക‌് വരുമാനവും ലഭ്യമാകും. സംസ്ഥാനത്തെ മൂവായിരം സ‌്കൂളുകളിലാണ‌് പദ്ധതി ലക്ഷ്യമിടുന്നതെന്ന‌് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌് ദേശാഭിമാനിയോട‌് പറഞ്ഞു. വിദ്യാലയങ്ങളിൽ കുറഞ്ഞത‌് 10 മെഗാവാട്ട‌് വൈദ്യുതി ഉൽപ്പാദിപ്പിക്കും. സോളാർ പാനലുകൾ സ്ഥാപിക്കാൻ കഴിയുന്ന സ‌്കൂളുകൾ വൈദ്യുതി ബോർഡ‌് കണ്ടെത്തും. പൊതുവിദ്യാലയങ്ങൾ ഹൈടെക‌് ആയതോടെ കൂടുതൽ വൈദ്യുതി ഉപയോഗം ആവശ്യമായി വന്നപ്പോഴാണ‌് വിദ്യാഭ്യാസ വകുപ്പ‌് സോളാർ പാനലുകളെക്കുറിച്ച‌് ആലോചിച്ചത‌്. 280 സ‌്കൂളുകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടുപയോഗിച്ച‌് സോളാർ പാനലുകൾ സ്ഥാപിക്കാൻ കെഎസ‌്ഇബിയെ സമീപിച്ചപ്പോഴാണ‌് സ‌്കൂളുകളിൽ ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി വാങ്ങാൻ സന്നദ്ധമാണെന്നും 3000 സ‌്കൂളുകളിൽ കെഎസ‌്ഇബിയുടെ മുൻകൈയിൽ സോളാർ പാനലുകൾ സ്ഥാപിക്കാമെന്നും പ്രാഥമിക ധാരണയായത‌്. വീടുകളിൽ സോളാർപാനൽ സ്ഥാപിച്ച‌് വൈദ്യുതി കെഎസ‌്ഇബി വാങ്ങുന്ന പദ്ധതി നിലവിലുണ്ട‌്. ഈ പദ്ധതിയിൽ സ‌്കൂളുകളെക്കൂടി ഉൾപ്പെടുത്താനായിരുന്നു ആദ്യ ആലോചന. എന്നാൽ പുതിയ ഹൈടെക‌് സ‌്കൂൾ കെട്ടിടങ്ങളുടെ ടെറസുകളിൽ കൂടുതൽ പാനലുകൾ സ്ഥാപിക്കാൻ കഴിയുമെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. അങ്ങനെ വരുമ്പോൾ സ‌്കൂൾ ആവശ്യത്തേക്കാൾ പതിൻമടങ്ങ‌് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. പദ്ധതിയെക്കുറിച്ച‌് കെഎസ‌്ഇബി ഉദ്യോഗസ്ഥരുമായി മന്ത്രി രവീന്ദ്രനാഥ‌് പ്രാഥമിക ചർച്ച നടത്തി. അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സ‌്കൂളുകളിലാണ‌് കെഎസ‌്ഇബി സോളാർ പാനൽ സ്ഥാപിക്കുക. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട‌് ഉപയോഗിച്ചും പിടിഎ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയും മുഴുവൻ സ‌്കൂളുകളിലും സൗരോർജം പ്രയോജനപ്പെടുത്തി
വൈദ്യുതി സ്വയംപര്യാപ‌്തത കൈവരിക്കാൻ കഴിയുമെന്ന‌് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ പറഞ്ഞു. വിദ്യാർഥികൾക്ക‌് ജീവിതവഴികളിൽ സ്വയംപര്യാപ‌്തത എന്ന സന്ദേശവും സ‌്കൂളുകളിൽ സോളാർ വെളിച്ചമെത്തിക്കുന്നതോടെ സാധിക്കും. ഇതും പദ്ധതി ഉടൻ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിനെ പ്രേരിപ്പിക്കുന്നു.