കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ബ്ലാക്ക് മെയിലിംഗിനുള്ള ശ്രമമാണെന്ന് ബിനോയ് കോടിയേരി. പരാതി ഉന്നയിച്ച യുവതിയെ പരിചയമുണ്ട്. 6 മാസം മുന്‍പ് യുവതിയെ താന്‍ വിവാഹം ചെയ്തുവെന്ന് കാണിച്ച് തനിക്ക് നോട്ടീസ് അയച്ചിരുന്നു.
5 കോടി രൂപയാണ് അന്ന് യുവതി ആവശ്യപ്പെട്ടത്. സംഭവത്തില്‍ അന്ന് കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ബിനോയ് കോടിയേരി പറഞ്ഞു. യുവതി ഉന്നയിച്ച പീഡന പരാതി നിയമപരമായി നേരിടുമെന്നും ബിനോയ് വ്യക്തമാക്കി. ബിനോയ് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാര്‍ സ്വദേശിനിയാണ് പരാതിപ്പെട്ടിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയുണ്ടെന്നും കാട്ടി യുവതി അന്ധേരി ഓഷിവാര പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശിനിയായ 33 കാരിയാണ് പരാതിക്കാരി. ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയിയെ അവിടെവെച്ചാണ് പരിചയപ്പെടുന്നതെന്നും ജോലി ഉപേക്ഷിച്ചാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. മൊബൈല്‍ വഴിയാണാ ആദ്യം ബിനോയിയെ പരിചയപ്പെടുന്നത്.
ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് മുംബൈയിലെത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാപിതാക്കള്‍ക്കും ബിനോയ് ഉറപ്പുനല്‍കിയിരുന്നു. 2010 ല്‍ അന്ധേരിയില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിപ്പിച്ചു. ബിനോയ് പതിവായി അവിടെ വന്നുപോകും. എല്ലാമാസവും പണം അയച്ചുതന്നിരുന്നു. എന്നാല്‍ 2015 ലാണ് തന്നെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയത്. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന് മനസിലാക്കുന്നതെന്നും യുവതി പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബിനോയ് വിവാഹിതനാണെന്ന് അറിഞ്ഞിരുന്നില്ല. വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമാണെന്ന് അറിഞ്ഞതിന് ശേഷമാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും യുവതി പറയുന്നു. ഇവര്‍ നിലവില്‍ മുംബൈയിലാണ് താമസം.
ബിനോയിക്കെതിരെ ഐപിസി സെക്ഷന്‍ 376, 376(2), 420,504,506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പില്‍ വരുന്നത്. ഏറെ വര്‍ഷം മുമ്പുള്ള കാര്യമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിലപാട്. വിശദമായ അന്വേഷണത്തിന് ശേഷം പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.