ഓസിസിന് മുന്നില്‍ പൊരുതി കീഴടങ്ങി പാക്കിസ്ഥാന്‍

ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് പാകിസ്താന്‍ പൊരുതി കീഴടങ്ങി. ടോന്റണില്‍ നടന്ന മത്സരത്തില്‍ അവര്‍ 41 റണ്‍സിനാണ് ഓസ്ട്രേലിയയോടു തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ഡേവിഡ് വാര്‍ണറുടെ (107) സെഞ്ചുറി കരുത്തില്‍ 307 റണ്‍സാണു പടുത്തുയടര്‍ത്തിയത്.

മറപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 45.4 ഓവറില്‍ 266 റണ്‍സ് നേടാനേ സാധിച്ചുള്ളു. 46 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസ്, 45 റണ്‍സ് നേടിയ വഹാബ് റിയാസ്, 40 റണ്‍സ് നേടിയ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്, 32 റണ്‍സ് നേടിയ ഹസന്‍ അലി എന്നിവരാണു പാകിസ്താന്റെ സ്‌കോറര്‍മാര്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് ആമിറിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ അവസാന ഓവറുകളില്‍ തകര്‍ന്നതോടെ കൂറ്റന്‍ സ്‌കോര്‍ എന്ന ഓസീസ് ലക്ഷ്യം പാളി.

49 ഓവറില്‍ 307ന് എല്ലാവരും പുറത്തായി. വാര്‍ണര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (84) മികച്ച പ്രകടനം പുറത്തെടുത്തു. വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ വാര്‍ണറുടെ ആദ്യ സെഞ്ചുറിയാണിത്. സ്റ്റീവന്‍ സ്മിത്ത് (10), ഗ്ലെന്‍ മാക്സ്വെല്‍ (20), ഷോണ്‍ മാര്‍ഷ് (23), ഉസ്മാന്‍ ഖവാജ (18), നഥാന്‍ കോള്‍ട്ടര്‍-നൈല്‍ (2), പാറ്റ് കമ്മിന്‍സ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (3) എന്നിവരാണ് പുറത്തായ ഓസീസ് താരങ്ങള്‍. കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ (1) പുറത്താവാതെ നിന്നു.

ഓപ്പണര്‍മാരായ ഫിഞ്ച്- വാര്‍ണര്‍ സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീടെത്തിയ ആര്‍ക്കും മികച്ച കൂട്ടുക്കെട്ടുണ്ടാക്കാന്‍ സാധിച്ചില്ല. അതിന് കഴിഞ്ഞിരുന്നെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ നേടാന്‍ ഓസീസ് കഴിയുമായിരുന്നു.

111 പന്തില്‍ 11 ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് വാര്‍ണര്‍ 107 റണ്‍സെടുത്തത്. വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ആദ്യ സെഞ്ചുറിയാണിത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഓസീസ് താരമാണ് ഡേവിഡ് വാര്‍ണര്‍. 2003 ലോകകപ്പില്‍ സെഞ്ചുറി നേടിയ ആന്‍ഡ്രൂ സൈമണ്ട്സാണ് ഒന്നാമന്‍. വാര്‍ണറുടെ 15-ാം ഏകദിന സെഞ്ചുറി കൂടിയാണിത്.

ഏറ്റവും വേഗത്തില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് വാര്‍ണര്‍. 86 ഇന്നിങ്സുകളില്‍ ഇത്രയും സെഞ്ചുറികള്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയാണ് മുന്നില്‍. 106 ഇന്നിങ്സില്‍ 15 സെഞ്ചുറി നേടിയ വിരാട് കോലി രണ്ടാമതുണ്ട്. ശിഖര്‍ ധവാനൊപ്പം 108 ഇന്നിങ്സില്‍ നിന്നാണ് വാര്‍ണര്‍ നേട്ടം സ്വന്തമാക്കിയത്. ആമിറിന് പുറമെ, ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

pathram:
Related Post
Leave a Comment