ആശങ്ക ഒഴിയുന്നു; ‘വായു’ ചുഴലിക്കാറ്റ് ദിശമാറുന്നു; ഗുജറാത്ത് തീരം തൊടില്ലെന്ന് പ്രവചനം

ന്യൂഡല്‍ഹി: കനത്ത ഭീഷണി ഉയര്‍ത്തിയ ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്തിന് ആശ്വാസമായി ദിശമാറുന്നു. ഗുജറാത്ത് തീരത്ത് 24 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കരുതിയ കാറ്റ് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റിന്റെ ദിശ തീരത്തിന് സമീപത്ത് കൂടി വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുന്നതായിട്ടാണ് പുതിയ സൂചനകള്‍. അതേസമയം കടല്‍ക്ഷോഭവും മഴയും തുടരും.

അതേസമയം പടിഞ്ഞാറന്‍ തീരത്ത് കനത്തജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ശക്തമായ കാറ്റ് ഭീഷണിയില്‍ മൂന്ന് ലക്ഷം പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത് ദുരന്ത നിവാരണസേനയുടെ 52 ടീമുകളും സ്ഥലത്തുണ്ട്. തെക്കന്‍ ഗുജറാത്തിലെ പേര്‍ബന്ദറിനും വെരാവലിനും ഇടയില്‍ ഇന്ന് ഉച്ചയോടെ കാറ്റെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ റെയില്‍വേ 70 ട്രെയിനുകള്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.

തീരപ്രദേശങ്ങളിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. നാവിക സേനയുടെ ഡൈവിംഗ് ടീമുകളും സ്ഥലത്തുണ്ട്. പോര്‍ബന്ദര്‍, ഡിയു, ഭാവ് നഗര്‍, കേശോദ്, കാണ്ട്ല എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കുറത്തേക്ക് യാത്ര നിരോധിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സൂറത്ത് എയര്‍പോര്‍ട്ട് വ്യോമഗതാഗതം സംബന്ധിച്ച തീരുമാനം എടുക്കും. മുംബൈയെയും കാറ്റ് ബാധിച്ചിട്ടുണ്ട്.

മൂംബൈ വിമാനത്താവളത്തില്‍ 400 വിമാനങ്ങളെയാണ് മോശം കാലാവസ്ഥ ബാധിച്ചത്. വ്യോമഗതാഗതം സംബന്ധിച്ച 194 പുറപ്പെടലുകളും 192 ആഗമനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. രണ്ടു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. തീരദേശ സേന, ദുരന്ത നിവാരണസേന, സൈന്യം, നാവിക സേന, വ്യോമസേന, അതിര്‍ത്തി സുരക്ഷാ വിഭാഗത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജൂണ്‍ 15 വശര ഗുജറാത്ത് തീരത്ത് മത്സ്യബന്ധന തൊഴിലാളികള്‍ക്കും കടലില്‍ പോകരുതെന്ന നിര്‍ദേശമുണ്ട്. ദ്വാരക, സോമനാഥ്, സസാന്‍, കച്ച് മേഖലകളില്‍ നിന്നും സുരക്ഷിത താവളങ്ങളിലേക്ക് മാറാന്‍ വിനോദ സഞ്ചാരികള്‍ക്കും നിര്‍ദേശമുണ്ട്. കഴിഞ്ഞ മാസമാണ് ഒഡീഷയില്‍ ഫെനി ചുഴലിക്കാറ്റ് വീശിയടിച്ചത്. ശക്തമായ മുന്‍കരുതലുകള്‍ എടുത്തതിനാല്‍ കൂടുതല്‍ നാശനഷ്ടം വന്നില്ല.

pathram:
Leave a Comment