കോയമ്പത്തൂര്‍: ശ്രീലങ്കന്‍ ഭീകരാക്രമണവുമായുള്ള ബന്ധം തിരഞ്ഞ് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. ഐജി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേരുള്ള എന്‍ഐഎ സംഘമാണ് പരിശോധന നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കോയമ്പത്തൂര്‍ മൊഡ്യൂളുമായി ബന്ധമുള്ള വിവരങ്ങള്‍ തേടിയാണ് റെയ്ഡ്. ഉക്കടം, കുനിയമുതൂര്‍, പോത്തന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഏഴുപേരുടെ വീടുകളിലായാണ് റെയ്ഡ് നടന്നത്.
ശ്രീലങ്കന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് വേണ്ടിയല്ല റെയ്ഡ് നടത്തിയതെന്നാണ് എന്‍ഐഎ പറയുന്നത്. ഐഎസിന്റെ കോയമ്പത്തൂര്‍ മൊഡ്യൂളിനെതിരെ എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനോടനുബന്ധിച്ചാണ് റെയ്ഡ് നടന്നത്. എന്നാല്‍ ശ്രിലങ്കയ്ക്കും ഇന്ത്യയ്ക്കും ഗുണകരമാകുന്ന അന്വേഷണ വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുമെന്നും എന്‍ഐഎ പറയുന്നു.
കോയമ്പത്തൂരില്‍ റെയ്ഡ് നടത്തിയ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഇതില്‍ അന്വേഷണം ഏകോപിപ്പിക്കുന്നതിനായി ശ്രീലങ്കയിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചിരുന്നു.
ഐഎസിന്റെ കോയമ്പത്തൂര്‍, കേരള മെഡ്യൂളുകളുകളെ കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 21 പേരാണ് ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഇവരെ നയിച്ച അഷ്ഫാഖ് മജീദ് എന്നയാള്‍ അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിന് മുമ്പായി ശ്രീലങ്കയിലെ ജാഫ്ന സന്ദര്‍ശിച്ചിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
കോയമ്പത്തൂര്‍ മൊഡ്യൂളുമായി ബന്ധപ്പെട്ട് 2018 ല്‍ കസ്റ്റഡിയിലായ മെഹമ്മദ് ആഷിഖ് എ, ഇസ്മായില്‍ എസ്, സംസുദീന്‍, മൊഹമ്മദ് സലാവുദീന്‍, ജാഫര്‍ ഷാദിക് അലി, ഷഹുല്‍ ഹമീദ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട വിവരം ലഭിച്ചിരുന്നു.
ഈ വിവരം ശ്രീലങ്കയെ അറിയിച്ചെങ്കിലും മുന്‍കരുതലെടുക്കാന്‍ സാധിക്കാതിരുന്നതിനാല്‍ വന്‍ ഭീകരാക്രമണമാണ് ഈസ്റ്റര്‍ ദിനത്തില്‍ നടന്നത്. ശ്രീലങ്കയിലേതുപോലെ കേരളത്തിലും ബോംബ് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതിന് റിയാസ് അബൂബക്കര്‍ എന്നയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. 250പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്ത സഹ്റാന്‍ ഹാഷിം കേരളം സന്ദര്‍ശിച്ചിരുന്നുവെന്നും വിവരങ്ങള്‍ ലഭിച്ചിരുന്നു.