ശബരിമല ക്ഷേത്രവരുമാനത്തില്‍ 100 കോടി രൂപയോളം കുറവ്; തിരുവിതാം കൂര്‍ ദേവസ്വത്തിന് കീഴിലെ മിക്ക ക്ഷേത്രങ്ങളിലും വരുമാനനത്തില്‍ വന്‍ ഇടിവ്

കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമല ക്ഷേത്രവരുമാനത്തില്‍ വന്‍കുറവ്. തൊട്ടുമുമ്പത്തെ തീര്‍ഥാടനകാലത്തെക്കാള്‍ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ക്ഷേത്രച്ചെലവുകള്‍ക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടിയുടെ കുറവുണ്ടായി.

ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപബാധ തുടങ്ങിയവയാണ് വരുമാനക്കുറവിന് കാരണമായി ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞസീസണില്‍ 277,42,02,803 രൂപ വരുമാനം ലഭിച്ചയിടത്ത് ഈവര്‍ഷം 178,75,54,333 രൂപയായി. കാലാകാലങ്ങളിലെ വര്‍ധനകൂടി കണക്കിലെടുത്താന്‍ ഇത്തവണ വരുമാനനഷ്ടം ഇനിയും കൂടും.

ശബരിമലയില്‍ മാത്രമല്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനം കുറഞ്ഞിട്ടുണ്ട്. ബോര്‍ഡിനുകീഴിലെ 1250 ക്ഷേത്രങ്ങളില്‍ 60 എണ്ണത്തിനുമാത്രമാണ് ചെലവ് നിര്‍വഹിക്കാനുള്ള വരുമാനമുള്ളത്. മറ്റു ക്ഷേത്രങ്ങളുടെ നിലനില്‍പ്പ് ശബരിമല വരുമാനത്തെ ആശ്രയിച്ചാണ്. തീര്‍ഥാടനസമയമല്ലാത്ത മാസങ്ങളിലും ക്ഷേത്രങ്ങളിലെ വരുമാനം കുറഞ്ഞു. ഇതോടെ ക്ഷേത്രങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികളും അത്യാവശ്യം നിര്‍മാണപ്രവര്‍ത്തനവുമല്ലാതെ മറ്റൊന്നും നടക്കില്ല.

തീര്‍ഥാടനകാലത്തെ വരുമാനത്തില്‍നിന്ന് അടുത്ത തീര്‍ഥാടനംവരെയുള്ള ചെലവുകള്‍ക്ക് ഓരോമാസവും നിശ്ചിത തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റും. ഇതും മറ്റുക്ഷേത്രങ്ങളിലെയും ശബരിമലയിലെ വിശേഷദിവസങ്ങളിലെയും വരുമാനവും ചേര്‍ത്താണ് ഓരോ മാസത്തെയും ചെലവ് നടത്തുന്നത്. 20 വര്‍ഷത്തിലേറെയായി തീര്‍ഥാടനകാലത്തെ വരവില്‍നിന്നാണ് ഹ്രസ്വകാല നിക്ഷേപം നടത്തിയിരുന്നത്.

കഴിഞ്ഞതവണ 194 കോടി ലഭിച്ചയിടത്ത് ഇത്തവണ ഇതുവരെ 116 കോടി മാത്രമാണ് നിക്ഷേപം. 1950-ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു റിലീജിയസ് ആക്ടുപ്രകാരം സര്‍ക്കാര്‍ നല്‍കിയിരുന്ന വാര്‍ഷിക വിഹിതം അരനൂറ്റാണ്ടിനുശേഷം 40 ലക്ഷത്തില്‍നിന്ന് 80 ലക്ഷമാക്കിയെങ്കിലും കാലാനുസൃത വര്‍ധന ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

pathram:
Related Post
Leave a Comment