ന്യൂനമര്‍ദ്ദം ‘വായു’ ചുഴലിക്കാറ്റാവും; 48 മണിക്കൂറിനുള്ളില്‍ അതിശക്തമായ കാറ്റിന് സാധ്യത; മഴ കുറയും…

ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥാവിഭാഗം. വടക്ക് -വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നതിനാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. വ്യാഴാഴ്ചയോടെ ഇത് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നത്. അതേസമയം ചുഴലിയുടെ സഞ്ചാരപഥം ഇനിയും രേഖപ്പെടുത്തിയിട്ടില്ല.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നതോടെ ‘വായു’ എന്ന പേരിലാവും അറിയപ്പെടുക. ഇന്ത്യയാണ് പേര് നിര്‍ദേശിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍മേഖലയിലെ രാജ്യങ്ങളുടെ നിര്‍ദേശം അനുസരിച്ചാണ് ഈ പ്രദേശത്തെ ചുഴലിക്കാറ്റുകള്‍ക്ക് പേര് തിരഞ്ഞെടുക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, തായ്ലന്‍ഡ് എന്നിവയാണ് ഇന്ത്യയെക്കൂടാതെ ഈ മേഖലയില്‍ വരുന്ന രാജ്യങ്ങള്‍.

തിങ്കളാഴ്ച ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടല്‍, കേരള-കര്‍ണ്ണാടക തീരം, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. 11-ന് അറബിക്കടലിന്റെ കിഴക്ക്, മധ്യഭാഗത്തും വടക്കുകിഴക്കന്‍ മേഖലയിലും കാറ്റിന്റെ വേഗം 75 കിലോമീറ്റര്‍വരെയാകും. 12-ന് 90 കിലോമീറ്ററും 13-ന് 100 മുതല്‍ 110 കിലോമീറ്റര്‍വരെയും വേഗമാര്‍ജിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഈദിവസങ്ങളില്‍ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ 55 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശിയേക്കും. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ മേഖലയില്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വിഭാഗവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷത്തിന്റെ ശക്തികുറഞ്ഞേക്കും. ഒരാഴ്ച വൈകി സംസ്ഥാനത്ത് ശനിയാഴ്ചയാണ് കാലവര്‍ഷം എത്തിയത്. തെക്കന്‍ജില്ലകളില്‍ ഞായറാഴ്ച വ്യാപകമായി മഴലഭിച്ചു. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം (യെല്ലോ അലര്‍ട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment