ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും യാത്ര സൗജന്യമാക്കി എ.എ.പി. സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളാണ് പ്രഖ്യാപനം നടത്തിയത്.
സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡി.ടി.സി. ബസുകള്‍, ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ സിസ്റ്റത്തിന് കീഴിലുള്ള ക്ലസ്റ്റര്‍ ബസുകള്‍, മെട്രോ ട്രെയിനുകള്‍ എന്നിവയിലാകും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര.
മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കും. നിര്‍ദേശം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ നിര്‍ദേശവും പരിഗണിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
സൗജന്യ യാത്രാ പദ്ധതി ആര്‍ക്കും അധികഭാരം ഉണ്ടാക്കില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. അവര്‍ക്ക് സബ്‌സിഡിയുടെ ആവശ്യമില്ല. സാമ്പത്തികമായി ശേഷിയുള്ളവര്‍ ടിക്കറ്റ് എടുത്ത് തന്നെ യാത്ര ചെയ്യണം. അത്തരക്കാരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. പാവപ്പെട്ടവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനം.