തിരുവനന്തപുരം:തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തേ പ്രവചിച്ചതുപോല ജൂൺ ആറിനുതന്നെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ്. ഈ വർഷത്തെ മഴക്കാലത്തെപ്പറ്റിയുള്ള രണ്ടാം റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
കേരളം ഉൾപ്പെടുന്ന തെക്കൻ മുനമ്പിൽ ശരാശരിയുടെ 97 ശതമാനം മഴ പെയ്യുമെന്നാണ് കരുതുന്നത്. ഇത് എട്ടുശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. ഇത് കേരളത്തിന് ആശ്വാസമാണ്. വേനൽമഴ ഇത്തവണ 55 ശതമാനം കുറഞ്ഞതുകാരണം സംസ്ഥാനം വരൾച്ചയിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു.
രാജ്യമൊട്ടാകെ സാധാരണതോതിൽ മഴലഭിക്കും. ദീർഘകാല ശരാശരിയുടെ 96 മുതൽ 104 ശതമാനംവരെയാണ് പ്രതീക്ഷിക്കുന്നത്.
പതിവുപോലെ മേയ് 18-ന് കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തിയിരുന്നു. ബുധനാഴ്ചയോടെ മാലെദ്വീപ്, കന്യാകുമാരി പ്രദേശങ്ങളുടെ തെക്കൻമേഖലകളിലെത്തി. അടുത്ത 72 മണിക്കൂറിനുള്ളിൽ അറബിക്കടലിന്റെ തെക്കൻ ഭാഗത്തെത്തും. ഇത് കൂടുതൽ ശക്തിപ്രാപിച്ച് ജൂൺ ആറിനുതന്നെ കേരളത്തിലെത്താനാണ് സാധ്യത.
പസഫിക് സമുദ്രത്തിലെ താപനില കൂടുന്ന പ്രതിഭാസമായ എൽനിനോ മൺസൂൺ കാലത്തും ദുർബലമായി തുടരും. ഇത് തെക്കുപടിഞ്ഞാറൻ കാലവർഷത്തെ ബാധിക്കില്ലെന്ന് മുമ്പ് വിലയിരുത്തിയതിൽ ഉറച്ചുനിൽക്കുകയാണ് കാലാവസ്ഥാ വകുപ്പ്. എൽനിനോ പ്രതിഭാസത്തിന്റെ പ്രഭാവം ശമിക്കുമെന്നും ചില ഏജൻസികൾ വിലയിരുത്തുന്നുണ്ട്. ഇത്തവണ മൺസൂൺ മികച്ചതാവാൻ ഇതും കാരണമാവും.