രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ നടക്കുന്ന മിക്ക ഇടങ്ങളിലും സ്ട്രോങ് റൂമുകള്‍ തുറന്നു. എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആകാംക്ഷുടെ നിമിഷങ്ങളിലൂടെയാണ് ഇനി കടന്നുപോകുക.
ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളായിരിക്കും. സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം 18 ലക്ഷം വരും. വിദേശങ്ങളിലെ എംബസികളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ മുതല്‍, സൈനികര്‍, കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണിത്. അതിന് ശേഷമായിരിക്കും ഇവിഎം എണ്ണുക. ഏറ്റവും ഒടുവിലായാരിക്കും വിവിപാറ്റ് എണ്ണുക. ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യം പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വച്ചെങ്കിലും തള്ളിയിരുന്നു. ഔദ്യോഗിത ഫലപ്രഖ്യാപനം വൈകീട്ട് ഏഴ് മണിയോടെ ഉണ്ടാകുമെന്നാണ് വിവരം. ഏകദേശ ഫലസൂചനകള്‍ എട്ടേകാലോടെ ഉണ്ടാകുമെന്നും കരുതുന്നു.
ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് പതിനേഴാമത് ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 67. 11 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 90.99 വോട്ടര്‍മാരാണ് ആകെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു ഇത്.
കേരളത്തില്‍ മൊത്തം രണ്ട് കോടിയിലേറെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തെരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. തപാല്‍ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പക്ഷം ചേര്‍ന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണിത്.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ കേരള സായുധ സേനയ്ക്കാണ്. കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിക്കു പുറത്താണു ലോക്കല്‍ പൊലീസിന്റെ അധികാര പരിധി.