മാധ്യമങ്ങള്‍ മുഴുവന്‍ തനിക്കെതിരെയാണെന്ന് ദിലീപ്; സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ജൂലൈ 3ന് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി. കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.

ഇതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതാണ് ഡിവിഷന്‍ ബഞ്ച് മാറ്റി വച്ചത്. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന ജൂലൈ 3 ന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയാണ് ദിലീപ്.

നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്താണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിചാരണയില്‍ താന്‍ ഉറപ്പായും കുറ്റവിമുക്തനാകുമെന്നും സിബിഐ അന്വേഷണം വന്നാല്‍ വിചാരണ കൂടി നേരിടേണ്ടി വരില്ലെന്നും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ മുഴുവന്‍ തനിക്കെതിരെയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേയെന്ന് കോടതി ചോദിച്ചു.

അതിനിടെ നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുക്കകുയുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്‍പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍ എസ് ഗോപകുമാര്‍ അറിയിച്ചു.

pathram:
Related Post
Leave a Comment