ഇംഗ്ലീഷ് മണ്ണില്‍ ലോകകപ്പിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ശിഖര്‍ ധവാനിലാണ്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മികച്ച റെക്കോഡുള്ളത് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ് എന്നുതുതന്നെ ഇതിനു കാരണം. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാരില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ശരാശരിയും (65.07) മികച്ച സ്‌ട്രൈക്ക് റേറ്റും (101.04) ധവാന്റെ പേരിലാണ്. സെഞ്ചുറികളിലും ധവാന്‍ (3) തന്നെ മുന്നില്‍.
മാത്രമല്ല കഴിഞ്ഞ മൂന്ന് ഐ.സി.സി. ഏകദിന ടൂര്‍ണമെന്റുകളിലും ശിഖര്‍ ധവാനായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടന്ന 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ അഞ്ചു കളിയില്‍ 363 റണ്‍സുമായി ധവാന്‍ ടോപ് സ്‌കോററും ടൂര്‍ണമെന്റിലെ താരവുമായി.
2017-ല്‍ ഇവിടെ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് തോറ്റെങ്കിലും അഞ്ചു കളിയില്‍ 338 റണ്‍സുമായി ധവാന്‍ ടോപ് സ്‌കോററായി. ടീമിനു പുറത്താകുമെന്ന ഘട്ടത്തില്‍ ധവാന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ആ ചാമ്പ്യന്‍സ് ട്രോഫിയില്‍ കണ്ടത്.
ഒരു കണക്കുകൂടി ധവാന് കൂട്ടായുണ്ട്. 2015 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ഈ ഡല്‍ഹിക്കാരനായിരുന്നു. എട്ടു കളിയില്‍ 51 റണ്‍ ശരാശരിയില്‍ 412 റണ്‍ അടിച്ച ധവാന്‍ അന്ന് റണ്‍ നേട്ടത്തില്‍ അഞ്ചാം സ്ഥാനത്തുമായിരുന്നു. വലിയ ടൂര്‍ണമെന്റുകളില്‍, പ്രത്യേകിച്ച് വിദേശ പിച്ചുകളില്‍ ധവാന് സമ്മര്‍ദമില്ലാതെ കളിക്കാനാകുന്നു എന്നതിന് ഇതില്‍പ്പരം തെളിവുവേണ്ട. മികച്ച കൈ – കണ്‍ പൊരുത്തവും (ഹാന്‍ഡ് ഐ കോ-ഓര്‍ഡിനേഷന്‍) ടൈമിങ്ങും ധവാന് തുണയാകുന്നു.