പ്ലേ ഓഫിനൊരുങ്ങുന്ന ചെന്നൈയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരം കളിക്കില്ല

പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ചുമലിന് പരിക്കേറ്റ കേദാര്‍ ജാദവ് ഇനിയുള്ള മത്സരങ്ങളില്‍ ചെന്നൈക്കായി കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് സ്ഥിരികരിച്ചു. കേദാര്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് ഇന്നലെ മത്സരശേഷം കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ് സൂചിപ്പിച്ചിരുന്നു.

ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിന്റെ പതിനാലാം ഓവറില്‍ ഫീല്‍ഡിംഗിനിടെയാണ് കേദാറിന് പരിക്കേറ്റത്. രവീന്ദ്ര ജഡേജയുടെ ഓവര്‍ ത്രോ ബൗണ്ടറികടക്കുന്നത് തടയാനായി ഡൈവ് ചെയ്തപ്പോഴായിരുന്നു കേദാറിന് പരിക്കേറ്റത്. കഴിഞ്ഞ ഐപിഎല്ലില്‍ ആദ്യമത്സരം കളിച്ചതിനുശേഷം പരിക്കേറ്റ കേദാറിന് സീസണ്‍ മുഴുവന്‍ നഷ്ടമായിരുന്നു.

ഇന്ത്യയുടെ ഏകദിന ടീമില്‍ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായ കേദാര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അംഗമാണ്. ഈ സീസണില്‍ ചെന്നൈക്കായി കാര്യമായി തിളങ്ങാന്‍ കേദാറിനായിരുന്നില്ല. 12 ഇന്നിംഗ്‌സുകളില്‍ നിന്ന് 162 റണ്‍സ് മാത്രമാണ് ചെന്നൈക്കായി കേദാര്‍ ഈ സീസണില്‍ നേടിയത്.

pathram:
Related Post
Leave a Comment