കൊച്ചി: ഗായിക റിമി ടോമി വിവാഹ മോചനത്തിന്. ഭര്‍ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയ സമ്മത പ്രകാരമാണ് ഹര്‍ജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കോടതിയില്‍ ഹാജരായിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്.
11 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് പരസ്പര സമ്മതത്തോടെ പിരിയാന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇവര്‍ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകള്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പരസ്പര സമ്മതത്തോടെ വിവാഹമോചന ഹര്‍ജി നല്‍കിയതിനാല്‍ ആറ് മാസത്തിനകം വിവാഹമോചനം അനുവദിക്കപ്പെടാനാണ് സാധ്യത. വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിമി നേരത്തെ സൂചിപ്പിച്ചിരുന്നു. മറ്റൊരാളുമായുള്ള പ്രണയത്തെക്കുറിച്ച് ചാനല്‍ പരിപാടിയില്‍ സൂചിപ്പിച്ചതോടെയാണ് റിമിയുടെ വിവാഹമോചന വാര്‍ത്ത ചര്‍ച്ചയായത്.
ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടര്‍ന്ന് കൈരളി ടിവിയിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. തുടര്‍ന്ന് ഏഷ്യാനെറ്റ് മ്യൂസിക്കല്‍ ലൈവിലേക്ക് എത്തി. തുടര്‍ന്ന് മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തില്‍ ശങ്കര്‍ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്.
ഇതുവരെ എഴുപതോളം സിനിമകളില്‍ റിമി പാടി. നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി. 2015ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി. 2006ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ടെലിവിഷന്‍ അവതാരക എന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്. പാട്ട് പാടിയും സരസമായി സംസാരിച്ചും പ്രേക്ഷകരെ കയ്യിലെടുക്കുന്ന താരമാണ് റിമി.