വിമാനത്താവളങ്ങള്‍ അടച്ചിടും

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാനസര്‍വ്വീസുകളും റദ്ദാക്കി. ഭുവനേശ്വര്‍ വിമാനത്താവളം വ്യാഴാഴ്ച അര്‍ധരാത്രിയോടെ അടച്ചിടുന്നതിനാല്‍ അവിടെനിന്നുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ചതായി വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു.

വരുംദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് റദ്ദാക്കാനും മറ്റൊരു ദിവസത്തേക്ക് യാത്രമാറ്റിവെയ്ക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി വിമാനക്കമ്പനികള്‍ അറിയിച്ചു. എയര്‍ വിസ്താര, ഗോഎയര്‍, എയര്‍ഇന്ത്യ,സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ യാത്രക്കാരില്‍നിന്ന് ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിരക്ക് ഈടാക്കില്ലെന്നും വ്യക്തമാക്കി.

കൊല്‍ക്കത്ത വിമാനത്താവളം വെള്ളിയാഴ്ച രാത്രി 9.30 മുതല്‍ ശനിയാഴ്ച വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ഫോനി ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ ഫോനി ഒഡീഷ തീരത്തെത്തുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. മണിക്കൂറില്‍ 200 കി.മീ. വരെ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന ഫോനി ഒഡീഷയിലെ 11 ജില്ലകളില്‍ കനത്തനാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഒഡീഷയ്ക്ക് പുറമേ പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ തീരമേഖലകളെയും ഫോനി ബാധിച്ചേക്കാം. അതിനാല്‍ ഈ സംസ്ഥാനങ്ങളിലും ജാഗ്രതാനിര്‍ദേശമുണ്ട്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷയിലെ തീരമേഖലകളില്‍ താമസിക്കുന്ന ലക്ഷക്കണക്കിനുപേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. നേരത്തെ എട്ടുലക്ഷം പേരെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും 11 ലക്ഷത്തിലധികം പേരെ തീരമേഖലകളില്‍നിന്ന് ഒഴിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. രാത്രിയിലും പലയിടങ്ങളിലും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. ഫോനി മുന്നറിയിപ്പിനെത്തുടര്‍ന്ന് നൂറിലധികം ട്രെയിനുകളും റദ്ദാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7