കൊച്ചി: ബാങ്ക് കാര്‍ഡുകള്‍ എ.ടി.എമ്മിലെ യന്ത്രം പിടിച്ചെടുക്കുമ്പോള്‍ അക്കൗണ്ട് ഉടമകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. കാര്‍ഡ് എ.ടി.എം. പിടിച്ചെടുത്തതിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന മലപ്പുറം ജില്ലാ ഉപഭോക്തൃഫോറം വിധി കമ്മിഷന്‍ റദ്ദാക്കി.
പല എ.ടി.എമ്മുകളിലും കാര്‍ഡ് യന്ത്രം വലിച്ചെടുക്കുന്ന രീതിയുണ്ട്. കാര്‍ഡ് യന്ത്രത്തിലേക്ക് ഇട്ടശേഷം നിര്‍ദേശങ്ങളനുസരിച്ച് ബട്ടണുകള്‍ അമര്‍ത്താന്‍ വൈകിയാലും ഇടപാട് കഴിഞ്ഞ് കാര്‍ഡ് തിരിച്ചെടുക്കാതിരുന്നാലും ആവര്‍ത്തിച്ച് തെറ്റായ പിന്‍ രേഖപ്പെടുത്തിയാലും ആ കാര്‍ഡ് യന്ത്രം വലിച്ചെടുക്കും. ഒരു ബാങ്കിന്റെ എ.ടി.എമ്മില്‍ മറ്റൊരു ബാങ്കിന്റെ കാര്‍ഡ് കുടുങ്ങിയാല്‍ ആ കാര്‍ഡ് നശിപ്പിക്കുകയാണ് പതിവ്. ഏത് ബാങ്കിലാണോ അക്കൗണ്ട് ആ ബാങ്കിനാണ് പകരം കാര്‍ഡ് നല്‍കാനുള്ള ചുമതല.
എസ്.ബി.ഐ.യുടെ ഡെബിറ്റ് കാര്‍ഡ് ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം. വലിച്ചെടുത്തതിനെതിരേ മലപ്പുറം സ്വദേശിയായ എം. വിനോദനാണ് ജില്ലാ ഫോറത്തെ സമീപിച്ചത്. തന്റെ കാര്‍ഡ് എ.ടി.എം. വലിച്ചെടുത്തെങ്കിലും ഫെഡറല്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ അവര്‍ കാര്‍ഡ് നല്‍കാന്‍ തയ്യാറായില്ലെന്നായിരുന്നു പരാതി. ഫെഡറല്‍ ബാങ്ക് 15,000 രൂപ നഷ്ടപരിഹാരവും 3000 ചെലവും നല്‍കാന്‍ ജില്ലാ ഫോറം ഉത്തരവിട്ടു.
ഇതിനെതിരേ ഫെഡറല്‍ ബാങ്ക് സംസ്ഥാന കമ്മിഷനെ സമീപിച്ചു. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ നിര്‍ദേശപ്രകാരമാണ് കാര്‍ഡ് മടക്കിനല്‍കാത്തതെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. അക്കൗണ്ട് ഉടമയുടെ അനാസ്ഥകാരണമാണ് കാര്‍ഡ് യന്ത്രം വലിച്ചെടുത്തത്. തട്ടിപ്പ് നടത്താതിരിക്കാനുള്ള മുന്‍കരുതലായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിരിക്കുന്നത്. ബാങ്കിന്റെ വാദം അംഗീകരിച്ചാണ് കമ്മിഷന്‍ ജില്ലാ ഫോറത്തിന്റെ വിധി റദ്ദാക്കിയത്.