തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത നടിയാണ് പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ ഭാഗമായതില്‍ പിന്നാലെ നിരവധി വിവാദങ്ങള്‍ പാര്‍വതിയെ തേടിയെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ പാര്‍വതി ശക്തമായി ഉറച്ചു നിന്നു. ഇത് മലയാള സിനിമയില്‍ പാര്‍വതിക്ക് അവസരം കുറയുന്നതിന് കാരണമായി. ഇപ്പോള്‍ ഈ വിഷയങ്ങളില്‍ തുറന്നു പറയുകയാണ് പാര്‍വതി.
” അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയില്‍ അഭിനയിക്കും വരെ ഓരോ സിനിമകള്‍ക്കിടയിലുള്ള ഇടവേള ഞാന്‍ സ്വയം തെരഞ്ഞടുത്തതായിരുന്നു. സിനിമകളിലേക്കുള്ള വിളികള്‍ യഥേഷ്ടം തേടി വന്നിരുന്നു. എന്നാല്‍ കൂടെയില്‍ അഭിനയിച്ച ശേഷമുണ്ടായ 8 മാസത്തെ ഇടവേള അങ്ങനെയായിരുന്നില്ല. സിനിമയിലേക്കുള്ള വിളികള്‍ കുറഞ്ഞു. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായ കാലമായിരുന്നു അത്. ബാംഗ്ലൂര്‍ ഡെയ്സ് മുതല്‍ വലിയ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമായ ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് ഇത് അസ്വാഭാവികമാണ്.
വിജയചിത്രങ്ങളുടെ ഭാഗമായ, നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. ഇനിയും അത്തരം റോളുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള ഒരു പ്രിവിലേജ്ഡ് ആര്‍ട്ടിസ്റ്റായിട്ടും എന്റെ അവസ്ഥ ഇതാണെങ്കില്‍ അങ്ങനെയല്ലാത്ത ആര്‍ട്ടിസ്റ്റുകളുടെയും ടെക്നീഷ്യന്‍മാരുടെയും കാര്യമെന്താവും. പക്ഷെ ജോലി പോകുമെന്നതു കൊണ്ട് പറയേണ്ടത് പറയാതിരിക്കരുത്. അങ്ങനെ ഭയക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഇത് മാറണമെങ്കില്‍ കുറച്ചുസമയമെടുക്കും. അതിന് തുടക്കമായിട്ടുണ്ട്. ഒരുകൂട്ടര്‍ വിചാരിച്ചാല്‍ അവസരം നഷ്ടപ്പെടുത്തി ഒതുക്കി നിര്‍ത്താമെന്ന സാഹചര്യമൊക്കെ മാറുകയാണ്.
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഈ കാര്യത്തിലും വലിയ ആത്മവിശ്വാസവും പ്രചോദനമാണെന്നത് സിനിമാമേഖലയില്‍ ഇതുവരെ തുറന്നു പറയാന്‍ പോലും മടിച്ചിരുന്ന പലവിഷയങ്ങളില്‍ ചര്‍ച്ചക്ക് വഴി തുറന്നു എന്നത് തന്നെ ഡബ്ല്യുസിസിയുടെ വലിയ നേട്ടമാണ്. എല്ലാവര്‍ക്കും മാന്യമായി ജോലി ചെയ്യാനുള്ള തൊഴില്‍ സാഹചര്യവും സംസ്‌കാരവും രൂപപ്പെടുത്താനായാണ് ഡബ്ല്യുസിസിയുടെ പോരാട്ടം ” – പാര്‍വതി പറഞ്ഞു.