ഹൈദരാബാദിനെതിരേ രാജസ്ഥാന് 161 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ സണ്‍റൈഡേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 160 റണ്‍സെടുത്തു. 36 പന്തില്‍ 61 റണ്‍സെടുത്ത മനീഷ് പാണ്ഡെയ്ക്കും വാര്‍ണര്‍ക്കും(32 പന്തില്‍ 37) റാഷിദിനും(8 പന്തില്‍ 17) ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. രാജസ്ഥാനായി ആരോണും ഓഷേനും ശ്രേയാസും ഉനദ്കട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പവര്‍ പ്ലേയില്‍ രാജസ്ഥാന്‍ ഫീല്‍ഡര്‍മാരുടെ കൈകള്‍ ചേര്‍ന്നപ്പോള്‍ സണ്‍റൈസേഴ്സ് സ്‌കോറുയര്‍ത്തി. എന്നാല്‍ നാലാം ഓവറില്‍ വില്യംസണെ(13) മടക്കി ശ്രേയാസ് ഗോപാല്‍ ആദ്യ പ്രഹരം നല്‍കി. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍- മനീഷ് പാണ്ഡെ രക്ഷാപ്രവര്‍ത്തനം. സീസണില്‍ തുടര്‍ച്ചയായ ആറാം അര്‍ദ്ധ ശതകം ലക്ഷ്യമിട്ടെത്തിയ വാര്‍ണറെ 37ല്‍ നില്‍ക്കേ ഓഷേന്‍, സ്മിത്തിന്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ പിറന്നത് 75 റണ്‍സ്.

അതിവേഗം കുതിക്കുകയായിരുന്ന മനീഷ് പാണ്ഡെയെ(61) പുറത്താക്കി 15-ാം ഓവറില്‍ ശ്രേയാസ് വീണ്ടും ബ്രേക്ക് ത്രൂ നല്‍കി. വിജയ് ശങ്കര്‍(8), ദീപക് ഹൂഡ(0) എന്നിവര്‍ വന്നവേഗത്തില്‍ ഡ്രസിംഗ് റൂമിലെത്തി. ഉനദ്കട്ടിന്റെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലായിരുന്നു ഹൂഡയുടെ മടക്കം. അവസാന ഓവറുകളില്‍ കാര്യമായ റണ്‍സ് എടുക്കാന്‍ സണ്‍റൈസേഴ്സിനായില്ല. സാഹ(5), ഷാക്കിബ്(9), ഭുവി(1) എന്നിവര്‍ പുറത്തായി. റാഷിദും(17) കൗളും(0) പുറത്താകാതെ നിന്നു.

pathram:
Leave a Comment