ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ നായ്ക്കട്ടിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച ബെന്നിയുടെ ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഫോറന്‍സിക്ക് സംഘവും പൊലീസും നടത്തിയ പരിശോധനയില്‍ ഒരു ജലാറ്റിന്‍ സ്റ്റിക്കും ഒരു ഡിറ്റണേറ്ററുമാണ് കണ്ടെത്തിയത്.
സ്‌ഫോടനത്തില്‍ നായ്ക്കട്ടി സ്വദേശിയായ അംല നാസര്‍, അയല്‍വാസി ബെന്നി എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ബത്തേരി – മൈസൂര്‍ ദേശീയപാതയ്ക്കരികെ നായ്ക്കട്ടിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ അംലയുടെ വീട്ടില്‍ വെച്ചാണ് സ്‌ഫോടനം നടന്നത്. വലിയ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തില്‍ സ്‌ഫോടക വസ്തു കെട്ടി വെച്ച ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.