മഞ്ചേരി: കടലുണ്ടിപ്പുഴയിലൂടെ 13 കിലോ മീറ്റര്‍ ദൂരം ഒഴുകിയ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ നടത്തത്തിനിറങ്ങിയ യുവാക്കളാണ് പുഴയിലൂടെ ഒഴുകിവരുന്ന വീട്ടമ്മയെ രക്ഷപ്പെടുത്തിയത്. പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരാണ് പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുത്തിയത്. ആദ്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും പിന്നീട് ഒരു സ്ത്രീയാണ് ഒഴുക്കില്‍പെട്ടതെന്ന് തിരിച്ചറിച്ചു.
ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. പ്രഭാതനടത്തത്തിന് ഇറങ്ങിയ കളത്തിങ്ങല്‍പടി ജാഫര്‍, ഷെരീഫ്, നൗഫല്‍, പുള്ളിയിലങ്ങാടി സാഹിര്‍, അബ്ദുസലാം തുടങ്ങിയവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍ പെട്ട് സ്ത്രീ വീണ്ടും മുന്‍പോട്ട് പോയി. പിന്നീട് 2 കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന യുവാക്കള്‍ പാറക്കടവില്‍വച്ച് പുഴയിലിറങ്ങിയാണ് ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്.
പന്തല്ലൂര്‍ സ്വദേശിനിയായ മധ്യവയസ്‌കയെ ആണ് ആനക്കയം പാലത്തിനു സമീപം പാറക്കടവില്‍ വച്ച് രക്ഷിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തി. ഈ മഴക്കാലത്ത് തോടും പുഴകളും നിറഞ്ഞുകവിഞ്ഞ് നില്‍ക്കുന്ന ഈ സമയത്താണ് വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടത്. വിവരം അറിഞ്ഞ് പോലീസും കൂടുതല്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.