കല്ലട ബസ് ജീവനക്കാര്‍ അറസ്റ്റില്‍; ബസ് കസ്റ്റഡിയില്‍; കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത കമ്മീഷണര്‍

മരട്: കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ 3 ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈറ്റില ഹബ്ബില്‍ വെച്ച് അര്‍ദ്ധരാത്രി സംഘം ചേര്‍ന്ന് യാത്രക്കാരെ മര്‍ദ്ദിച്ചവരെ വെറുതെ വിടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച ദുരനുഭവം വാര്‍ത്തയായതോടെയാണ് കര്‍ശന നടപടി തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ജയേഷ്, ജിതിന്‍, ഗിരിലാല്‍ എന്നിവര്‍ക്കെതിരെ സംഘം ചേര്‍ന്ന മര്‍ദ്ദിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കമ്പനി മാനേജരോട് നേരിട്ട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ വിഷയത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. നിലവില്‍ മൂന്നു പ്രതികള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. കേസിനാസ്പദമായ സംഭവം നടന്ന ബസ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കല്ലട ബസിന്റെ ഉടമയെയും ജീവനക്കാരെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണമാണ് കേസില്‍ നടക്കുന്നത്. മര്‍ദനത്തില്‍ പങ്കുള്ളവരെയെല്ലാം പ്രതികളാക്കും. സംഭവം ആസൂത്രിമാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

പരിക്കേറ്റവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. പ്രതികളുടെ ക്രിമനല്‍ പശ്ചാത്തലം പരിശോധിക്കും. കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചു. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ ഇന്നുതന്നെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്താനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ബസിലെ സംഭവങ്ങള്‍ ഷൂട്ട് ചെയ്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ ഡിജിപി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.

വൈറ്റിലയില്‍ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്,പാലക്കാട് സ്വദേശികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂര്‍ സ്വദേശിയെയും മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി ബസ്സില്‍ നിന്ന് ഇറക്കി വിട്ടു.തുടര്‍ന്ന് ഇയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് നടപടി തുടങ്ങിയത്.

കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷിത്വം കൂടി മുന്‍നിര്‍ത്തിയാണ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്. നിയമം പാലിക്കാതെ സര്‍വ്വീസ് നടത്തുന്ന അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധന ആരംഭിക്കുമെന്നും ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7