മതസ്ഥാപനങ്ങളും ക്ഷേത്രവും സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്തിനെന്ന് സുപ്രീംകോടതി

ഡല്‍ഹി: മതസ്ഥാപനങ്ങളും ക്ഷേത്രവും സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്തിനെന്ന് സുപ്രീംകോടതി. ഒരു മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എത്രത്തോളമാകാമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ പരാമര്‍ശം ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ശബരിമലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍നിന്ന് വിഗ്രഹങ്ങള്‍ മോഷണം പോകുന്നത് കോടതി ചൂണ്ടിക്കാട്ടി. ഇത് മതവികാരത്തിന്റെ വിഷയം മാത്രമല്ലെന്നും വിഗ്രഹങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമല ഭരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നിയമിക്കുന്നത് സര്‍ക്കാരാണെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിയമിക്കുന്ന ബോര്‍ഡുകളാണ് രാജ്യത്ത് പലയിടത്തും ക്ഷേത്രങ്ങള്‍ ഭരിക്കുന്നത്.
മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രങ്ങളുടെ ഭരണത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന് അറ്റോര്‍ണി ജനറല്‍ ചോദിച്ചു. തുടര്‍ന്ന് അറ്റോര്‍ണിയുടെ വാദം ശരിയാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. പുരി ക്ഷേത്രം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി രഞ്ജിത് കുമാര്‍ അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പലവിധത്തിലും പ്രയാസം നേരിടുന്നതായി ബെഞ്ച് പറഞ്ഞു. പാവപ്പെട്ടവരും നിരക്ഷരരുമാണ് പലപ്പോഴും പീഡിപ്പിക്കപ്പെടുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7