മോദിക്ക് കേരളത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോ..? വെല്ലുവിളിച്ച് തരൂര്‍

തിരുവനന്തപുരം: പ്രധാനന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ മത്സരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്നാണ് ശശി തരൂരിന്റെ വെല്ലുവിളി. ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും ഒരുപോലെ മത്സരിച്ച് ജയിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിലൂടെ വ്യക്തമാകുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ വളരെ പ്രത്യക്ഷമായ തരംഗം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായി. ഭാവി പ്രധാനമന്ത്രിയെ തങ്ങളുടെ പ്രദേശത്ത് നിന്നാണ് തിരഞ്ഞെടുക്കുന്നത് എന്ന ആവേശത്തിലാണ് അവര്‍. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മതഭ്രാന്ത് കൊണ്ടുനടന്ന് വില്‍പ്പന നടത്തുകയാണ്. അതിനാലാണ് ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ നിന്ന് രാഹുല്‍ ഒളിച്ചോടുകയാണ് എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ നടത്തുന്നത്. നമ്മുടെപ്രധാനമന്ത്രിയില്‍ നിന്നാണ് ഇത്തരത്തിലൊരു പ്രസ്താവന ഉണ്ടായിരിക്കുന്നത് എന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം.

ബി.ജെ.പിയുടെ മതഭ്രാന്തിന് ചൂട്ട്പിടിക്കുന്നതിലൂടെ മോദി ഒരു പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാരുടെയും പ്രധാനമന്ത്രിയാവണം എന്ന മഹത്തായ ആശയത്തെ അവഹേളിക്കുകയാണ്. മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ നിരവധി വിഷയങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഫെഡറല്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധം നിരന്തരം വഷളാവുകയാണ്.

ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള വിടവ് നികത്താനുള്ള പാലമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമെന്ന രാഹുലിന്റെ പക്വമായ പ്രസ്താവന വരുന്നത്. ഇത് അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് തെളിയിക്കുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

pathram:
Related Post
Leave a Comment