അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് മാറാന്‍ ടി.സി. ആവശ്യമില്ല

കൊച്ചി: കേന്ദ്ര സിലബസ് സ്‌കൂളുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റാന്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി.) ആവശ്യമില്ല. ബന്ധപ്പെട്ട ക്ലാസ്സില്‍ പഠിക്കുന്നതിനുള്ള പ്രായമുണ്ടാകണമെന്ന് മാത്രം. അണ്‍ എയ്ഡഡ് സ്‌കൂള്‍ ഒന്നാം ക്ലാസില്‍ പഠിച്ചു വന്ന കുട്ടിക്ക് അടുത്ത അധ്യയനവര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ രണ്ടാം ക്ലാസില്‍ ചേരാം.

മറ്റ് ക്ലാസ്സുകാര്‍ക്ക് ഇതേരീതിയില്‍ തൊട്ടുമുകളിലേ ക്ലാസില്‍ ചേരാന്‍ തടസ്സമില്ല. വാര്‍ഷിക പരീക്ഷ ജയിച്ചിരിക്കണമെന്നും നിര്‍ബന്ധമില്ല. അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളിലെ രണ്ടുമുതല്‍ 10 വരെ ക്ലാസ്സുകളില്‍ ചേരാന്‍ അനുമതി നല്‍കി എല്ലാവര്‍ഷവും സര്‍ക്കാര്‍ ഉത്തരവിറക്കും. ഒരു വര്‍ഷത്തെ പ്രാബല്യത്തോടെയാണ് ഉത്തരവുണ്ടാകുന്നതെങ്കിലും എല്ലാ വര്‍ഷവും പുതുക്കാറുണ്ട്.

സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ല. ഇത് കുട്ടികളുടെ തുടര്‍പഠനത്തിന് തടസ്സമാകുമെന്നതിനാലാണ്, ടി.സി.യില്ലാതെ പൊതുവിദ്യാലയങ്ങളില്‍ ചേരാന്‍ അനുമതി നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ മാറ്റത്തിന് ടി.സി. നിര്‍ബന്ധമാണ്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ സോഫ്‌റ്റ്വേര്‍ മുഖാന്തരം ഓണ്‍ലൈനായാണ് ടി.സി. കൈമാറുന്നത്.

രണ്ടുമുതല്‍ 10 വരെ ക്ലാസ്സുകളിലേക്ക് നേരിട്ട് ചേരാന്‍ അവസരമുണ്ടെങ്കിലും ഇതിനായി പ്രവേശന പരീക്ഷനിര്‍ബന്ധമാണ്. ഹെഡ്മാസ്റ്ററിനാണ് പരീക്ഷയുടെ ചുമതല. പ്രവേശനം ആവശ്യപ്പെടുന്നതിന്റെ തൊട്ടുതാഴെയുള്ള ക്ലാസ്സിലെ പാഠപുസ്തകം അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. എല്ലാവിഷയങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രവേശന പരീക്ഷ. ബന്ധപ്പെട്ട ക്ലാസ്സിലിരിക്കാന്‍ കുട്ടിക്ക് അടിസ്ഥനയോഗ്യതയുണ്ടെന്ന് ഉറപ്പിക്കാനാണിത്.

പൊതുവിദ്യാലയങ്ങളില്‍ ചേരാന്‍ ആധാര്‍ കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ എന്‍ട്രോള്‍മെന്റ് നടത്തുമ്പോള്‍ ലഭിക്കുന്ന നമ്പരായാലും മതിയാകും. പിന്നീട്, ആധാര്‍ നമ്പര്‍ ഹാജരാക്കണം.

അംഗീകാരമില്ലാത്ത സ്‌കൂളില്‍നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് മാറാനുള്ള അവസരം ഉപയോഗപ്പെടുത്തിയാല്‍ സ്‌കൂള്‍ പഠനം മുടങ്ങിപ്പോയവര്‍ക്ക് നേരിട്ട് പത്താം ക്ലാസ്സില്‍ ചേരാം. അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ 14 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഒപ്പം, സ്‌കൂളില്‍ നടത്തുന്ന പ്രവേശന പരീക്ഷ ജയിക്കുകയും വേണം.

pathram:
Related Post
Leave a Comment