റസ്സലിനെ പൂട്ടാന്‍ തന്ത്രങ്ങളുമായി രാജസ്ഥാന്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിരിക്കെ കൊല്‍ക്കത്ത ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിനെ വീഴ്ത്താനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്ന് രാജസ്ഥാന്‍ ബൗളര്‍ കെ.ഗൗതം പറഞ്ഞു. റസല്‍ മികച്ച ഫോമിലാണ്. കൊല്‍ക്കത്തക്കായി കുറേ സിക്‌സറുകള്‍ അടിച്ചുകൂട്ടുന്നുമുണ്ട്. എന്നാല്‍ റസലിനെ പൂട്ടാനുള്ള തന്ത്രങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഗൗതം അവകാശപ്പെട്ടു.

അത് നടപ്പിലാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഗൗതം പറഞ്ഞു. ഐപിഎല്ലില്‍ കഴിഞ്ഞ മൂന്ന് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും രാജസ്ഥാന് റസലിനെ പുറത്താക്കാനായിരുന്നില്ല. കഴിഞ്ഞ സീസണിലെ എലിമിനേറ്ററില്‍ രാജസ്ഥാനെതിരെ 25 പന്തില്‍ 49 റണ്‍സടിച്ച് റസല്‍ കൊല്‍ക്കത്തയുടെ വിജയശില്‍പിയായിരുന്നു.

ഈ സീസണില്‍ കൊല്‍ക്കത്ത നേടിയ മൂന്ന് ജയങ്ങളിലും റസലായിരുന്നു കൊല്‍ക്കത്തയുടെ വിജയശില്‍പി. രാജസ്ഥാനാകട്ടെ സീസണില്‍ നല്ലതുടക്കമല്ല ലഭിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവിനെതിരെ നേടിയ ഒരു ജയം മാത്രമാണ് ഇതുവരെ രാജസ്ഥാന്റെ ക്രെഡിറ്റിലുള്ളത്. പോയന്റ് പട്ടികയില്‍ ബംഗലൂരുവിന് തൊട്ട് മുകളില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാനിപ്പോള്‍.

pathram:
Related Post
Leave a Comment