റബാഡയ്ക്ക് മുന്നില്‍ മുട്ടുമടക്കി കോഹ്ലിയും സംഘവും; ഡല്‍ഹിക്ക് 150 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സെടുത്തു. വിരാട് കോലിയാണ്(41) ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ആക്രമണ ബാറ്റിങ്ങിന് മുതിരാതെയായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. റബാഡ നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മോറിസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ചലഞ്ചേഴ്സിന് തുടക്കത്തിലെ പാര്‍ത്ഥീവിനെ(9) നഷ്ടമായി. ക്രിസ് മോറിസ് രണ്ടാം ഓവറില്‍ ലമിച്ചാനെയുടെ കൈകളിലെത്തിച്ചു. എബിഡിയും(17) സ്റ്റോയിനിസും(15 പുറത്തായതോടെ ബാംഗ്ലൂര്‍ 10.4 ഓവറില്‍ 66-3. റബാഡയ്ക്കു അക്ഷാറിനുമായിരുന്നു വിക്കറ്റ്. കോലിയും മൊയിന്‍ അലിയും ചേര്‍ന്ന് 15-ാം ഓവറില്‍ 100 കടത്തി. എന്നാല്‍ ഇതേ ഓവറില്‍ മെയിന്‍ അലിയെ(32) ലമിച്ചാനെ ബൗള്‍ഡാക്കി.

ഇതോടെ നായകന്‍ കോലിയുടെ പോരാട്ടത്തില്‍ മാത്രമായി ബാംഗ്ലൂരിന്റെ പ്രതീക്ഷ. എന്നാല്‍ റബാഡ എറിഞ്ഞ 18-ാം ഓവര്‍ ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. ആദ്യ പന്തില്‍ കോലി(41) ശ്രേയാസിന്റെ കൈകളില്‍. രണ്ട് പന്തുകളുടെ ഇടവേളയില്‍ അക്ഷ്ദീപ്(19) പുറത്ത്. അവസാന പന്തില്‍ നേഗിയും(0) വീണു. മോറിസ് എറിഞ്ഞ 19-ാം ഓവറിലെ ആറാം പന്തില്‍ സിറാജ്(1) എല്‍ബിയില്‍ കുടുങ്ങി. റബാഡയുടെ അവസാന ഓവറിലും ബാംഗ്ലൂരിന് കാര്യമായ റണ്‍ എടുക്കാനായില്ല.

pathram:
Related Post
Leave a Comment