തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചു. തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് നോട്ടീസ്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസില്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സമയത്തിനുള്ളില്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ മറ്റ് നടപടികളിലേക്ക് കടക്കുക.
ഇന്നലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനിയില്‍ എന്‍ഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടര്‍മാരോട് പറഞ്ഞത്. സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ:
”ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. (പശ്ചാത്തലത്തില്‍ ശരണം വിളികള്‍) എന്റെ അയ്യപ്പന്‍, എന്റെ അയ്യന്‍.. നമ്മുടെ അയ്യന്‍ … ആ അയ്യന്‍ ഒരു വികാരമാണെങ്കില്‍ ഈ കിരാതസര്‍ക്കാരിനുള്ള മറുപടി ഈ കേരളത്തില്‍ മാത്രമല്ല, ഭാരതത്തില്‍ മുഴുവന്‍ ആ വികാരം അയ്യന്റെ വികാരം അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടു പിടിക്കണ്ട ഒരു യന്ത്രങ്ങളെയും കൂട്ടുപിടിക്കണ്ട. മുട്ടു മടങ്ങി വീഴാന്‍ നിങ്ങള്‍ക്ക് മുട്ടുണ്ടാകില്ല.”
പ്രത്യക്ഷത്തില്‍ത്തന്നെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമായ പ്രസംഗം സൂക്ഷ്മമായി പരിശോധിച്ചാണ് ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കണ്‍വെന്‍ഷന്റെ അവസാനം ഞാന്‍ ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കുന്നില്ല എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയാകും സുരേഷ് ഗോപിയുടെ വിശദീകരണം എന്നാണ് സൂചന.
Leave a Comment