സരിതയുടെ നാമനിര്‍ദേശ പട്ടിക തള്ളി; എറണാകുളത്തും വയനാട്ടിലും മത്സരിക്കാനാകില്ല

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ് നായര്‍ വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളി. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരിയുടെ വിശദീകരണം.

സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ്. നായര്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമെന്ന് വരണാധികാരി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്മേല്‍ അപ്പീല്‍ പോയിരിക്കുകയാണെന്ന് സ്ഥാനാര്‍ഥിയെ പ്രതിനിധാനം ചെയ്തെത്തിയ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഇത് തെളിയിക്കാനാവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. രേഖ ഹാജരാക്കാന്‍ അനുവദിച്ച സമയം അവസാനിച്ചതിനാലാണ് പത്രിക തള്ളിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് സരിത രണ്ട് കേസുകളില്‍ ശിക്ഷയനുഭവിച്ചത്.

കുറ്റാരോപിതരായ ചില സ്ഥാനാര്‍ഥികള്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിന്‍ബലമുള്ള ഏതൊരാള്‍ക്കും, അയാള്‍ കുറ്റാരോപിതനാണെങ്കില്‍ പോലും നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച് ജനപ്രതിനിധിയാകാം. അവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാമെന്നും ഇതിലൂടെ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും സരിത തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മുമ്പ് സംസാരിച്ചിരുന്നു.

ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ ഇത്തരം ആളുകള്‍ക്കെതിരെ വര്‍ഷങ്ങളായി ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്നും പാര്‍ലമെന്റിനകത്ത് പോയിരിക്കാനുള്ള കൊതി കൊണ്ടല്ല ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7