രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ; നേതാക്കള്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെ അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വേദനിക്കും എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. അപ്രിയ സത്യങ്ങള്‍ തുറന്നുപറയേണ്ട ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്നും ആ സമയത്ത് അത് തുറന്ന് പറയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലത്തില്‍ ഇടതുപക്ഷത്തിനെതിരെ നേരിട്ടുള്ള മത്സരത്തിന് രാഹുല്‍ ഗാന്ധി തയ്യാറാകരുതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. ചിലര്‍ ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങള്‍ അനിശ്ചിതമായി നീണ്ട സമയത്ത് കോണ്‍ഗ്രസിനുള്ളില്‍ നടന്ന വിഭാഗീയ അടിയൊഴുക്കുകളും കെപിസിസി പ്രസിഡന്റിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നതിനെതിരെ സിപിഎം ഗൂഢാലോചന നടത്തുന്നുവെന്ന് മുല്ലപ്പള്ളി നേരത്തേ ആരോപിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സമയം ആയിട്ടില്ലെന്നും തുറന്നുപറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വേദനിക്കും എന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവില്‍ കോടിയേരിക്കും അമിത്ഷായ്ക്കും ഒരേ സ്വരമെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പിണറായി പിച്ചും പേയും പറയുകയാമെന്നും

വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിനും ഇടതുപക്ഷത്തിനും ഏതിരേയാണ് വിമര്‍ശനം തൊടുക്കുന്നതെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുനേരെയും മുല്ലപ്പള്ളിയുടെ വാക്കുകളില്‍ ഒളിയമ്പുകളുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular