മുംബൈ: ഓണ്‍ലൈനായി 1100 രൂപയുടെ സാരി വാങ്ങിയ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 75000 രൂപ. ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ സാരി തിരികെ നല്‍കാന്‍ ശ്രമിച്ച യുവതിയുടെ അക്കൗണ്ടില്‍ നിന്നാണ് 75,000 രൂപ നഷ്ടപ്പെട്ടത്. ദക്ഷിണ മുംബൈയിലെ ബോറിവലിയിലാണ് വന്‍ സൈബര്‍ തട്ടിപ്പ് നടന്നത്. പണം നഷ്ടപ്പെട്ടെന്ന് 26കാരിയായ യുവതി പൊലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നും 1,100 രൂപയുടെ സാരി യുവതി ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ അപാകതയുള്ള സാരിയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതോടെ സാരിയുടെ പണം തിരികെ കിട്ടാന്‍ ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടു. പണം തിരികെ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും നല്‍കണമെന്ന് ഫോണില്‍ സംസാരിച്ച സ്ത്രീ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അക്കൗണ്ട് വിവരങ്ങള്‍ അയച്ചു കൊടുക്കുകയായിരുന്നു.
മാര്‍ച്ച് 25ന് 75,000 രൂപ പിന്‍വലിച്ചതായി ബാങ്കില്‍ നിന്നുളള സന്ദേശം ലഭിക്കുമ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിയുന്നത്. എടിഎം മുഖേനയാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് ബാങ്ക് അയച്ച മൊബൈല്‍ സന്ദേശത്തിലുള്ളത്. യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.