ബംഗളൂരു തകര്‍ന്നടിഞ്ഞു; ഹൈദരാബാദിന് ഗംഭീര വിജയം

ബാറ്റിംഗില്‍ ബെയര്‍‌സ്റ്റോയും വാര്‍ണറും ബൗളിംഗില്‍ നബിയും തിളങ്ങിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ സണ്‍റൈസേഴ്സിന് 118 റണ്‍സിന്റെ ആധികാരിക ജയം. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സിന്റെ ഇന്നിംഗ്സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു. മുഹമ്മദ് നബി നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി. സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി.

കൂട്ടത്തകര്‍ച്ചയോടെ തുടങ്ങിയ ബാംഗ്ലൂരിന് 22 റണ്‍സെടുക്കുന്നതിനിടെ പാര്‍ത്ഥീവിനെയും(11) ഹെറ്റ്മെയറിനെയും(9) എബിഡിയെയും(1) നഷ്ടമായി. അഫ്ഗാന്‍ സ്പിന്നര്‍ മുഹമ്മദ് നബിക്കാണ് മൂന്ന് വിക്കറ്റും. പിന്നാലെ കോലിയെ(3) സന്ദീപ് ശര്‍മ്മ, വാര്‍ണറുടെ കൈകളിലെത്തിച്ചു. മൊയിന്‍ അലി(2) റണ്‍ഔട്ടാവുകയും ചെയ്തു. അഞ്ച് റണ്‍സെടുത്ത ശിവം ദുബെയെ എട്ടാം ഓവറില്‍ മടക്കി നബി നാല് വിക്കറ്റ് തികച്ചു. ഇതോടെ റോയല്‍ ചലഞ്ചേഴ്സ് 7.3 ഓവറില്‍ ആറ് വിക്കറ്റിന് 35 റണ്‍സ്.

എന്നാല്‍ പുതുമുഖം പ്രയാസും ഗ്രാന്‍ഡ്ഹോമും റോയല്‍ ചലഞ്ചേഴ്സ് ഇന്നിംഗ്സ് 16-ാം ഓവര്‍ വരെ കൊണ്ടുപോയി. ഈ ഓവറില്‍ പ്രയാസിനെ സന്ദീപ് ശര്‍മ്മ പുറത്താക്കുമ്പോള്‍ 24 പന്തില്‍ 19 റണ്‍സെടുത്തിരുന്നു. എന്നാല്‍ ഗ്രാന്‍ഡ്ഹോമിന്റെ ചെറുത്തുനില്‍പ്പൊന്നും ബാംഗ്ലൂരിനെ ജയിപ്പിക്കാന്‍ പാകത്തിലുള്ളതായിരുന്നില്ല. 18-ാം ഓവറില്‍ ഉമേഷ്(14) റണ്‍ഔട്ടായി. തൊട്ടടുത്ത ഓവറില്‍ ഗ്രാന്‍ഡ്ഹോമും(32 പന്തില്‍ 37) റണ്‍ഔട്ടായി. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ചാഹല്‍(1) പുറത്തായതോടെ ബംഗ്ലൂരിന്റെ പോരാട്ടം അവസാനിച്ചു.

നേരത്തെ ബെയര്‍‌സ്റ്റോ- വാര്‍ണര്‍ കരുത്തില്‍ 20 ഓവറില്‍ 231-2 എന്ന കൂറ്റന്‍ സ്‌കോര്‍ സണ്‍റൈസേഴ്സ് നേടി. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ നേടിയത് 185 റണ്‍സ്. വാര്‍ണറെക്കാള്‍ അപകടകാരി ബെയര്‍‌സ്റ്റോ ആയിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കുന്നത് 17-ാം ഓവറില്‍ ചാഹലാണ്. വിക്കറ്റിന് മാറ്റ് കൂട്ടി ഉമേഷിന്റെ തകര്‍പ്പന്‍ ക്യാച്ച്. 52 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ 56 പന്തില്‍ 114 റണ്‍സ് തികച്ചിരുന്നു. അതിര്‍ത്തിയിലേക്ക് പറന്നത് 12 ഫോറും ഏഴ് സിക്സും.

മൂന്നാമനായി ക്രീസില്‍ എത്തിയയുടനെ അടി തുടങ്ങിയെങ്കിലും വിജയ് ശങ്കറിന് അധികം പിടിച്ചുനില്‍ക്കാനായില്ല. 18-ാം ഓവറിലെ മൂന്നാം പന്തില്‍ ശങ്കറിനെ(3 പന്തില്‍ 9) ഹെറ്റ്മെയറിന്റെ ത്രോയില്‍ പാര്‍ത്ഥീവ് സ്റ്റംപ് ചെയ്തു. എന്നാല്‍ അടി തുടര്‍ന്ന വാര്‍ണര്‍ 54 പന്തില്‍ സെഞ്ചുറി തികച്ചു. 17 ഓവറില്‍ സണ്‍റൈസേഴ്സ് 200 കടന്നു. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വാര്‍ണറും(100) യൂസഫ് പഠാനും(6) പുറത്താകാതെ നിന്നു. പന്തെടുത്ത ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്കെല്ലാം കണക്കിന് കിട്ടി.

pathram:
Related Post
Leave a Comment