തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം ഇടതുപക്ഷത്തിനെതിരേയുള്ള മത്സരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്താനാര്‍ഥിത്വത്തെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘അമേഠിയില്‍ എംപിയായി തുടരുകയും, വയനാട്ടില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന് മത്സരിച്ചു കൊണ്ട് പരിശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല. ഇടതുക്ഷത്തെ നേരിടാന്‍ ആര് വന്നാലും അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ബിജെപി മത്സരിക്കുന്ന പ്രദേശങ്ങള്‍ വേറെയുണ്ട്. അവിടെ മത്സരിക്കാമല്ലോ. കേരളത്തിലേക്ക് വരുമ്പോള്‍ അത് ഇടതുപക്ഷത്തിനെതിരേയുള്ള മത്സരമായി മാത്രമേ കാണാന്‍ കഴിയൂ. കേരളത്തില്‍ വന്ന് ഇടതുപക്ഷത്തോട് മത്സരിച്ചാല്‍ ബിജെപിക്കെതിരാണെന്നു പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇടതുപക്ഷത്തെ നേരിടാന്‍ വേണ്ടി രാഹുല്‍ ഗാന്ധി വരുന്നതിന്റെ പ്രത്യേകത നേരത്തെയും ചൂണ്ടികാണിച്ചത്. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥിയുണ്ടെങ്കിലും ബിജെപിക്കെതിരേയുള്ള മത്സരമാവില്ലല്ലോ’,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിക്കെതിരേയുള്ള പോരാട്ടമാണ് രാഹുല്‍ നടത്തുന്നതെങ്കില്‍ ബിജെപിക്കെതിരേയല്ലെ രാഹുല്‍ മത്സരിക്കേണ്ടത്. അതുകൊണ്ടാണ് ഇടതുപക്ഷത്തിനെതിരേയുള്ള മത്സരമെന്ന് പറയുന്നത്. ഇപ്പോല്‍ രാഹുല്‍ ഗാന്ധി വന്നാല്‍ രാഹുലിനെ പരാജയപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുക. വളരെ ആത്മവിശ്വാസത്തോടെ പോരാടാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
‘കേരളത്തില്‍ പല മണ്ഡലങ്ങളിലും കോലീബി സഖ്യനീക്കങ്ങള്‍ നടന്നിരുന്നു. കോണ്‍ഗ്രസ്സിലുള്ള ചില ആളുകള്‍ പാര്‍ട്ടി വിട്ടു പോകുമെന്ന് പ്രചാരണം ശക്തമായിരുന്നു. അവരെ പല ഓഫറുകള്‍ കൊടുത്തും കോണ്‍ഗ്രസ്സിനു പിടിച്ചു നിര്‍ത്താനായി. കേരളത്തില്‍ ഉയര്‍ന്നു വന്ന എല്ലാ പ്രശ്നങ്ങളിലും ആര്‍എസ്എസ് നിലപാടിനൊപ്പം കേരളത്തിലെ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ നിലയുറപ്പിച്ചിരുന്നു. അവരില്‍ ചിലര്‍ സ്ഥാനാര്‍ഥികളായും വന്നിട്ടുണ്ട്. അവര്‍ നേരത്തെ തന്നെ കരാര്‍ ഒപ്പിച്ചു എന്നും പറയുന്നുണ്ട്. അതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. നേരത്തെ തന്നെ ജയിച്ചു വരുന്നതിന് ഇത്തരമൊരു അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment