സിറ്റിങ് എംഎല്‍എമാരില്‍നിന്ന് ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ നിന്നു നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. മത്സരിക്കുന്നതു നിയമവിരുദ്ധം അല്ലാത്ത നിലയ്ക്ക് ഉപതെരഞ്ഞെടുപ്പു ചെലവ് അവരില്‍ നിന്ന് ഈടാക്കണമെന്നു പറയാനാവില്ലെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. കോടതി പരാമര്‍ശത്തെ തുടര്‍ന്നു ഹര്‍ജി പിന്‍വലിച്ചു.

കൊച്ചി തിരുവാങ്കുളം മാമല സ്വദേശി എം അശോകന്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്ബ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. എംഎല്‍എമാര്‍ ലോക്സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു പദവി നഷ്ടപ്പെടുമെന്നു കോടതി ചൂണ്ടിക്കാട്ടി. മത്സരിക്കുന്നവരുടെ ഭാഗത്ത് എന്താണു തെറ്റ്? കേരളം സാമ്ബത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു വിഭാഗത്തിന് പൗരന്മാരില്‍ നിന്നു പണം ഈടാക്കാനാകുമോ? തെരഞ്ഞെടുപ്പ് കമ്മീഷനു പോലും അതു സാധ്യമാവില്ല.

ഒരു സാമാജികന്‍ മരിച്ചാല്‍ ആ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ചെലവ് ആരില്‍ നിന്നാണ് ഈടാക്കുക അവിശ്വാസ പ്രമേയം പാസായി സര്‍ക്കാര്‍ താഴെ വീണാല്‍ നടത്തുന്ന ഉപതെരഞ്ഞെടുപ്പിന് ആരാണു പണം ചെലവിടേണ്ടത്? നിയമപരമായ നടപടിയുടെ പേരില്‍ ആരില്‍ നിന്നും പണം ഈടാക്കാനാവില്ലെന്നു വ്യക്തമാണ്. നിയമവിരുദ്ധമായ വാദങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

പൊതു താത്പര്യമുണ്ടെങ്കില്‍ സിറ്റിങ് എംഎല്‍എയെ പാര്‍ലമെന്റിലേക്ക് അയയ്ക്കരുതെന്ന് ഹര്‍ജിക്കാരനു പൊതുജനങ്ങളോടു ക്യാമ്ബയ്ന്‍ നടത്താം. ഹര്‍ജിയുടെ ലക്ഷ്യം സദുദ്ദേശ്യപരമാണെന്നു തോന്നുന്നില്ലെന്നും പറഞ്ഞു. കോടതിച്ചെലവ് ഈടാക്കേണ്ടി വരുമെന്നു മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്നു ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ലോക്സഭയിലേക്കു മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എംഎല്‍എമാര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചെലവും പഴയതും പുതിയതുമായ അംഗങ്ങളുടെയും സ്റ്റാഫിന്റെയും ശമ്ബള, അലവന്‍സ് ബാധ്യതകളും വഹിക്കാന്‍ വ്യവസ്ഥ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7