വയനാട്ടിലെ സ്ഥാനാര്‍ഥി: തീരുമാനിക്കാതെ രാഹുല്‍; യുഡിഎഫ് കുഴങ്ങുന്നു

ബത്തേരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ കേരളത്തിലെ മറ്റു സ്ഥാനാര്‍ഥികള്‍ നാളെ മുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു തുടങ്ങും. കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ 25 ദിവസം ബാക്കിനില്‍ക്കേ കോണ്‍ഗ്രസ് മത്സരിക്കാനെത്തുമോ എന്ന കാര്യത്തില്‍ ഇതുവരേയും ഡല്‍ഹിയില്‍ തീരുമാനമായിട്ടില്ല. വയനാട് സീറ്റില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ടി.സിദ്ധീഖ് ഇപ്പോള്‍ പ്രചാരണം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്.

കേരളത്തില്‍ തങ്ങളുടെ ഏറ്റവും ഉറച്ച സീറ്റായാണ് വയനാടിനെ കോണ്‍ഗ്രസ് കാണുന്നത്. ആ സീറ്റിലേക്ക് രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തും എന്ന വാര്‍ത്ത പുറത്തു വന്നതോടെ കേരളമെങ്ങുമുള്ള കോണ്‍ഗ്രസ്യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശതിമിര്‍പ്പിലായതാണ് കണ്ടത്. എന്നാല്‍ ആ വാര്‍ത്ത വന്ന് നാല് ദിവസം പിന്നിടുമ്പോള്‍ ത്രിശങ്കുസ്വര്‍ഗ്ഗത്തിലാണ് യുഡിഎഫ് ക്യാംപ്.

രാഹുല്‍ വന്നാല്‍ കേരളത്തിലെ ഇരുപത് സീറ്റുകളിലും മലബാറിലെ സീറ്റുകളില്‍ വളരെ ശക്തമായും യുഡിഎഫ് അനുകൂലതരംഗം സൃഷ്ടിക്കപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇപ്പോള്‍ ചിത്രം മാറിമറിഞ്ഞു. വയനാട് സീറ്റില്‍ രാഹുലിന് പകരം സിദ്ധീഖിനെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഇനി എഐസിസിയില്‍ നിന്നും വന്നാല്‍ അതെങ്ങനെ ജനം സ്വീകരിക്കും എന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്.

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിലെ പ്രശ്നങ്ങളും രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രതിസന്ധിയും സംസ്ഥാന നേതാക്കളും വയനാട് ഡിസിസിയും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. എന്തായാലും അല്‍പം കൂടി കാത്തിരിക്കൂ എന്ന മറുപടിയാണ് ദില്ലിയില്‍ നിന്നും കേരളത്തിലെ നേതാക്കള്‍ക്ക് കിട്ടിയത്.

ദക്ഷിണേന്ത്യയില്‍ രാഹുല്‍ മത്സരിക്കുന്നുവെങ്കില്‍ ഏറ്റവും സുരക്ഷിതമായ സീറ്റ് വയനാട് ആണ് എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന് മറിച്ചൊരഭിപ്രായമില്ല. കര്‍ണാടകയില്‍ മൂന്ന് സീറ്റുകള്‍ പിസിസി രാഹുലിനായി കണ്ടു വച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ അനുകൂലം വയനാട് ആണെന്നാണ് വിലയിരുത്തല്‍. കര്‍ണാടകയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേ ഒരു മണ്ഡലം എന്ന നിലയ്ക്കും വയനാടിന് മുന്‍തൂക്കമുണ്ട്.

അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സിക്കുന്നതില്‍ യുപിഎയിലെ മറ്റു ഘടകക്ഷികള്‍ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ഇതാണ് രാഹുലിന്റെ തീരുമാനം വൈകിപ്പിക്കുന്നതും. തെരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വന്നാല്‍ പ്രതിപക്ഷകക്ഷികളുടെ ഐക്യനിര കെട്ടിപ്പടുത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സര്‍!ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടക്കും. പ്രതിപക്ഷനിരയിലെ പ്രമുഖരായ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി മുഖ്യഎതിരാളിയായി വരുന്ന സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നത് എന്ത് സന്ദേശം നല്‍കും എന്ന ചോദ്യത്തിന് പ്രസക്തി ഉയരുന്നത് ഈ സാഹചര്യത്തിലാണ്.

കേരളത്തില്‍ വയനാടിന് പുറമേ വടകരയിലും കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ വന്നാലും ഇല്ലെങ്കിലും വയനാട് സീറ്റിനൊപ്പമേ വടകരയിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ എന്നാണ് സൂചന. വടകരയില്‍ പി.ജയരാജന് കെ.മുരളീധരന്‍ വെല്ലുവിളി ഉയര്‍ത്തുമ്പോഴും മുരളിയെ സ്ഥാനാര്‍ത്ഥിയായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ വന്നാല്‍ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കും മാറ്റം വരാം. നിലവില്‍ ബിഡിജെഎസിന് നല്‍കിയ സീറ്റ് ബിജെപി ഏറ്റെടുക്കും എന്നാണ് വിവരം. ബിജെപിക്ക് വേണ്ടി കേന്ദ്രത്തില്‍ നിന്നൊരു നേതാവ് വന്നാലും അത്ഭുതപ്പെടാനില്ല.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ അഞ്ച് വരെയാണ് കേരളത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. അഞ്ചിനാണ് സൂഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടിനാണ് അന്ന് വൈകുന്നേരത്തോടെ എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ചിത്രം തെളിയും. നിര്‍ണായകമായ വോട്ടെടുപ്പ് 23നാണ്.

Similar Articles

Comments

Advertismentspot_img

Most Popular