കേരളം കത്തുന്നു; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു; കുടിവെള്ളം ഉറപ്പുവരുത്താന്‍ കലക്റ്റര്‍മാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. മന്ത്രിമാരും ഉദ്യോഗസ്ഥരും വൈകീട്ട് 3 മണിക്ക് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കും. മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്കാണ്. കുടിവെള്ളം ഉറപ്പുവരുത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും.

അതേസമയം സൂര്യനില്‍നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് (യു.വി. ഇന്‍ഡെക്സ്) 12 യൂണിറ്റ് കടന്നു. 10 മിനിറ്റ് വെയിലേറ്റാല്‍ പൊള്ളലേല്‍ക്കുമെന്നു മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെങ്കിലും തുടര്‍ച്ചയായ വേനല്‍മഴ കാണാമറയത്താണ്. ഇന്നലെ പതിനഞ്ചിലേറെപ്പേര്‍ക്കു സൂര്യാഘാതമേറ്റു.

കടല്‍വെള്ളത്തിന്റെ ചൂട് 30 ഡിഗ്രിക്കു മുകളിലെത്തിയതോടെ കടലിലെ ആവാസവ്യവസ്ഥ തകിടംമറിഞ്ഞു. കടല്‍ക്കാറ്റ് രാത്രിയിലും കരയില്‍ ഉഷ്ണം വിതയ്ക്കുന്നു. ഭൂമധ്യരേഖ കടന്ന് സൂര്യന്‍ കേരളത്തിനു മുകളിലേക്കു വന്നുകൊണ്ടിരിക്കുന്നു. മഴമേഘങ്ങളില്ലാതെ തെളിഞ്ഞ അന്തരീക്ഷമായതിനാല്‍ ചൂട് നേരിട്ടു ഭൂമിയിലേക്കു പതിക്കുകയാണ്. പാലക്കാട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും താപനില 41 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും അന്തരീക്ഷ താപനില ശരാശരിയിലും മൂന്നു ഡിഗ്രി വരെ ഉയരാനിടയുണ്ട്. യു.വി. ഇന്‍ഡെക്സ് 12 യൂണിറ്റ് കടന്നത് വെയിലേറ്റാലുടന്‍ പൊള്ളലും തളര്‍ച്ചയുമുണ്ടാകാനുള്ള സാധ്യത കൂട്ടി.

ചിക്കന്‍പോക്സ് പോലുള്ള ഉഷ്ണകാല രോഗങ്ങള്‍ പടരുന്നുമുണ്ട്. ചൂടു കൂടുന്നത് മഴയുടെ സാധ്യത വര്‍ധിപ്പിക്കുന്ന പതിവു പ്രതിഭാസം ഇക്കുറി ഉണ്ടായിട്ടില്ല. തുടര്‍ച്ചയായ വേനല്‍മഴയ്ക്കു വിദൂരസാധ്യത പോലുമില്ലെങ്കിലും ഈയാഴ്ച അവസാനവും ഏപ്രില്‍ ആദ്യവും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്.

അതും, എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ മാത്രം. വടക്കോട്ടുള്ള ജില്ലകള്‍ വരണ്ടുതന്നെ കിടക്കും. പത്തനംതിട്ടയില്‍ പ്രതീക്ഷിച്ചതിലും 27 ശതമാനം അധികം വേനല്‍മഴ കിട്ടി. കാസര്‍ഗോട്ട് ഒരു തുള്ളിപോലും പെയ്തില്ല. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ റഡാര്‍ ഗവേഷണ കേന്ദ്രം അറിയിച്ചു. കാര്യമായ മഴയെത്താതെ ചൂട് കുറയുമെന്ന പ്രതീക്ഷയില്ല. സാധാരണയായി ഈ സമയത്തു കടലിന്റെ ചൂട് ശരാശരി 26 ഡിഗ്രി സെല്‍ഷ്യസാണ്.

രണ്ടു ദിവസമായി ഇത് 30 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. ചൂട് കടലിന്റെ ആവാസവ്യവസ്ഥയെ ബാധിച്ചതോടെ മത്സ്യക്ഷാമവും തുടങ്ങി. വള്ളത്തില്‍ മത്സബന്ധനത്തിനു പോകുന്നവര്‍ വെറുംെകെയോടെയാണു മടങ്ങുന്നത്. കടല്‍ ചൂടാകുന്നതു ന്യൂനമര്‍ദത്തിനും മഴയ്ക്കുള്ള സാധ്യതയ്ക്കും വഴിയൊരുക്കാറുള്ള പതിവ് ഇക്കുറി അകന്നുനില്‍ക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് ഒരു ന്യൂനമര്‍ദം രൂപപ്പെട്ടെങ്കിലും കാറ്റ് പ്രതികൂലമായതിനാല്‍ പ്രയോജനം ചെയ്തില്ല. പകലിലെ ചൂട് രാത്രിയിലും പുലര്‍ച്ചെയും മാറാതെ നില്‍ക്കുന്നതു ദുരിതം വര്‍ധിപ്പിക്കുകയാണ്.

പലയിടത്തും ചൂട് 41 ഡിഗ്രിയിലെത്തി. െജെവാംശമുള്ള മേല്‍മണ്ണ് പ്രളയത്തില്‍ ഒഴുകിപ്പോയത് ഈര്‍പ്പത്തിന്റെ തോത് കുറയാന്‍ കാരണമായി. എല്‍നിനോ പ്രതിഭാസം ആരംഭിച്ചപ്പോള്‍ത്തന്നെ ചൂട് അസഹ്യമായതോടെ വരുംദിവസങ്ങളില്‍ അസ്വസ്ഥത വര്‍ധിക്കാനാണു സാധ്യത.

Similar Articles

Comments

Advertismentspot_img

Most Popular